തൊടുപുഴ :കേരളത്തിന്റെ കാർഷിക പാരമ്പര്യമായ ഞാറ്റുവേല കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി വെങ്ങല്ലൂർ മങ്ങാട്ടുകവല നാലുവരി പാതയിലുള്ള കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ 27 ഞാറ്റുവേലത്തറകൾ സ്ഥാപിക്കുന്നു. ഉദ്ഘാടനം തൊടുപുഴയിൽ വിവിധ മേഖലകളിലുള്ള 27 പ്രമുഖർ ചേർന്ന് നാളെ രാവിലെ 10 ന് നിർവഹിക്കും. തുടർന്ന് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യവും വാണിജ്യപ്രാധാന്യവുമുള്ള 27 പഴച്ചെടികൾ കർഷകരുടെ നേതൃത്വത്തിൽ ഞാറ്റുവേലത്തറയിൽ നടും. ഓരോ ഞാറ്റുവേലയുടെ പേരും കാലവും കൃഷി മുറകളും രേഖപ്പെടുത്തിയിട്ടുള്ളവയാണ് ഞാറ്റുവേലത്തറകൾ. വില്ലേജ് സ്‌ക്വയറിൽ എത്തിച്ചേരുന്നവർക്ക് വിശ്രമിക്കുന്നതിനും ഈ തറകൾ ഉപയോഗിക്കാം. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഞാറ്റുവേലകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനം സംഘടിപ്പിക്കുന്നതെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.