നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തൊടുപുഴ: ഇന്നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രികയിൽ നൽകേണ്ട വിവരങ്ങൾ ഏറെ സങ്കീർണ്ണമായിരുന്നതിനാൽ സ്ഥാനാർത്ഥികൾക്ക് നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്.വീടിന്റെ കരം അടച്ചില്ലെങ്കിൽപോലും പത്രിക തള്ളുമെന്നാണ് ചട്ടം. സ്ഥാനാർഥികൾക്ക് സർക്കാരുമായോ അർദ്ധ സർക്കാർ സ്ഥാപനങ്ങളുമായോ ഒരു രൂപപോലും കുടിശിക പാടില്ല. സ്ഥാനാർത്ഥിയുടെ പേരിൽ സ്ഥലവും കെട്ടിടവുമുണ്ടെങ്കിൽ തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ആഫീസിലും കരം അടച്ചിരിക്കണം. സർക്കാരിനു 50 ശതമാനത്തിൽ കൂടുതൽ പങ്കാളിത്തമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ കുടിശികയുണ്ടെങ്കിലും പത്രിക നിരസിക്കും. കേസുകൾ, സ്വത്ത്, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി പത്രികയോടൊപ്പം നൽകുന്ന സത്യപ്രസ്താവനകളിൽ തെറ്റുണ്ടെങ്കിലും അസാധുവാകും. 18 തികഞ്ഞാൽ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെങ്കിലും സ്ഥാനാർഥിയും നാമനിർദേശകനും 21 തികയാത്തവരാണെങ്കിൽ പത്രിക തള്ളും. തിരഞ്ഞെടുപ്പു കമ്മിഷനോ കോടതികളോ അയോഗ്യത കൽപ്പിച്ചവരുടെ പത്രികകളും നിരസിക്കും.
തദ്ദേശ സ്ഥാപന പരിധിയിലെ വോട്ടർക്ക് അവിടത്തെ ഏതു വാർഡിലേക്കും മത്സരിക്കാമെങ്കിലും നിർദേശകൻ അതേ വാർഡിലെ വോട്ടറല്ലെങ്കിൽ പത്രിക തള്ളും. ഇതൊന്നും വരണാധികാരി സ്വന്തം നിലയിൽ അന്വേഷിച്ചു കണ്ടെത്തുമെന്ന ആശങ്ക വേണ്ട. സൂക്ഷ്മ പരിശോധനാ വേളയിൽ എതിരാളികൾ ഇത്തരം പരാതികൾ ഉയർത്തിക്കൊണ്ടു വരുമ്പോഴാണു സ്ഥാനാർഥികൾ വെട്ടിലാകുന്നത്. പരാതി ഉന്നയിക്കുന്നവർ തന്നെ തെളിവും ഹാജരാക്കണം. ആക്ഷേപമുന്നയിക്കുന്നവർ തെളിവു ഹാജരാക്കിയാൽ മാത്രം അതിനെ മറികടക്കാനുള്ള തെളിവുണ്ടെങ്കിൽ സ്ഥാനാർത്ഥിക്കും ഹാജരാക്കാം.

പിൻവലിപ്പിക്കാനും കളികൾ

23നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. വിവിധ മുന്നണികളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യത വർദ്ധിപ്പിക്കണമെങ്കിൽ വിമതശല്യം ഒഴിവാക്കിയേതീരൂ. ഇനിയുള്ള പ്രധാന ജോലി അത്തരക്കാരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കുക എന്നതാണ്. വിവിധ വാർഡുകളിൽ മൂന്ന് മുന്നണികളിലും വിമത ശല്യമുണ്ട്. മത്സരിക്കാൻ സീറ്റുകിട്ടാത്ത കോൺഗ്രസുകാർ പലരെയും റിബലായി നിറുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇവരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കാൻ കോൺഗ്രസിന്റെ സംസ്ഥാനതല നേതാക്കൾ ഉൾപ്പടെയുള്ളവർ ഇടപെടുന്നുണ്ട്. പത്രിക പിൻവലിക്കാതെ മത്സരവുമായി മുന്നോട്ട് പോകുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഡി.എയിലും എൽ.ഡി.എഫിലും വിമത പ്രശ്‌നങ്ങൾ പകുതിയും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്.