തൊടുപുഴ: ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർ സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാത അടച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതായി മല അരയ മഹാസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോരുത്തോട് നിന്ന് മുക്കുഴി, കരിമല വഴി പമ്പയിലെത്തുന്ന പരമ്പരാഗത കാനനപാത കൊവിഡ് കാരണമാണ് അടച്ചത്. പാത അടച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ മൂഴിക്കൽ ശ്രീ ശങ്കരനാരായണ ക്ഷേത്രസന്നിധിയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. പ്രദേശത്ത് നടത്തിയ പ്രതിഷേധമാർച്ചിനു ശേഷമായിരുന്നു യോഗം. പാത അടച്ചതോടെ ശബരിമലയുമായി ബന്ധപ്പെട്ട സമുദായത്തിന്റെ എട്ടു ക്ഷേത്രങ്ങളാണ് അടച്ചുപൂട്ടി ആചാരപ്രകാരമുള്ള പൂജാവിധികൾ മുടക്കേണ്ടിവരുന്നത്. ഈ പാതയിലാണ് കല്ലിടാംകുന്ന്, ഇഞ്ചിപ്പാറ അമ്പലം, പുതുശ്ശേരി, കരിമല അമ്പലം, പുലിയള്ളിറക്കം, ചെറിയാനവട്ടം, വലിയാനവട്ടം എന്നീ പുണ്യസ്ഥലങ്ങൾ. പാത അടച്ചതോടെ ഈ സ്ഥലങ്ങൾ ദർശിക്കാനുള്ള അനുമതി അയ്യപ്പഭക്തർക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇതുവഴി എത്തിയിരുന്ന ഭക്തരെ എരുമേലിയിലേക്കു തിരിച്ചയയ്ക്കുകയാണ് ഇപ്പോൾ. കാനനപാത എത്രയും വേഗം തുറന്നുനൽകണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 10ന് മുരിക്കുംവയൽ ശ്രി ശബരീശ കോളജ് ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഷേധസംഗമത്തിൽ സംസ്ഥാനത്തെ മുഴുവൻ ശാഖാ ഭാരവാഹികളും പ്രധാന പ്രവർത്തകരും ക്ഷേത്രം ഭാരവാഹികളും വ്രതം അനുഷ്ഠിക്കുന്ന സ്വാമിമാരും പങ്കെടുക്കും. യോഗത്തിൽ പൈതൃക സംരക്ഷണത്തിനായി പ്രയാണം നടത്തണമെന്ന നിർദേശവും ചർച്ച ചെയ്യും. സംസ്ഥാനത്തെ എല്ലാ അമ്പലങ്ങളും ശാഖകളും കേന്ദ്രീകരിച്ച് വലിയ ജനപങ്കാളിത്തത്തോടെ നടത്തുന്ന പൈതൃകസംരക്ഷണ യാത്ര വൻ ജനാവലിയോടുകൂടി മൂഴിക്കൽ എത്തിച്ചേരും. വ്രതമെടുത്ത് വരുന്ന 101 ഭക്തന്മാർ തീർത്ഥാടന വിലക്കു ലംഘിച്ച് പരമ്പരാഗത പാതയിലൂടെ ശബരീശ ദർശനം നടത്തും. പ്രതിഷേധ നേതൃസംഗമം ഇതു ചർച്ച ചെയ്ത് പൈതൃകസംരക്ഷണ പ്രയാണത്തിന് അന്തിമരൂപം നൽകും. ശബരീശ ദർശനത്തിനായി കാനനപാത തുറക്കുന്നില്ലെങ്കിൽ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കണമെന്ന് മൂഴിക്കൽ ചേർന്ന പ്രതിഷേധയോഗത്തിൽ അഭിപ്രായം ഉയർന്നു. നാളെ ശബരീശ കോളേജിൽ ചേരുന്ന പ്രതിഷേധ നേതൃസംഗമത്തിൽ സഭാ പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം ചെയ്യും. യോഗത്തിനു ശേഷം പ്രതിഷേധജ്വാല തെളിക്കും. വാർത്താസമ്മേളനത്തിൽ സഭാ പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, വനിതാ സംഘടനാ സംസ്ഥാന പ്രസിഡന്റ് കരിഷ്മ അജേഷ് കുമാർ, ശ്രീ അയ്യപ്പ ധർമ്മസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. പുഷ്പരാജൻ, എം.എൻ. ഗോപാലകൃഷ്ണൻ, ഗോപകുമാർ നെല്ലിപ്പുള്ളിൽ എന്നിവർ പങ്കെടുത്തു.