ചെറുതോണി: നിർമ്മാണനിരോധനം ഇടുക്കിക്ക് മാത്രമായി നടപ്പാക്കുവാനുള്ള നീക്കങ്ങൾക്കെതിരെ ഹൈക്കോടതിക്കു പിന്നാലെ സുപ്രീംകോടതിയും നിലപാടുകളെടുത്തതിനാൽ 2019 ഡിസംബർ 17ലെ സർവ്വകക്ഷിയോഗതീരുമാനമനുസരിച്ച് ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ (എം) ജോസഫ് വിഭാഗം സംസ്ഥാന ജനറൽസെക്രട്ടറിയും, ചെറുതോണിയിൽ 75 ദിവസം നടത്തിയ റിലേ സത്യാഗ്രഹസമരത്തിന്റെ സംഘാടകസമിതിയംഗവുമായ വർഗീസ് വെട്ടിയാങ്കൽ അഭ്യർത്ഥിച്ചു.

കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, ജില്ലാ പ്രസിഡന്റ് പ്രൊഫ: എം.ജെ.ജേക്കബ്, മുൻ എം.എൽ.എ. മാത്യു സ്റ്റീഫൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 75 ദിവസം റിലേ സത്യാഗ്രഹസമരം നടത്തിയതോടൊപ്പം, ഓണം, ഗാന്ധിജയന്തി ദിവസങ്ങളിൽ ഉപവാസസമരവും പാർട്ടി നടത്തിയിരുന്നു. കളക്ട്രേറ്റ്, 5 താലൂക്കുകൾ, വില്ലേജ് ഓഫീസുകൾ എന്നിവയ്ക്കു മുമ്പിൽ ധർണ്ണ നടത്തിയതോടൊപ്പം 5 കേന്ദ്രങ്ങളിൽ ഏകദിനസത്യാഗ്രഹവും കരിമ്പനിൽ നിന്ന് ചെറുതോണിയിലേക്ക് കർഷകമാർച്ചും നടത്തി. ജനകീയസമരങ്ങളെ അവഹേളിച്ചവർക്കും ഉത്തരവാദിത്വങ്ങളിൽ ഒളിച്ചോടിയവർക്കുമുള്ള കനത്ത തിരിച്ചടിയാണ് സുപ്രീകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.