തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എത്രമാത്രം മാലിന്യം നാട്ടിലടിയും? ഒന്നും രണ്ടും ടണ്ണല്ല, അയ്യായിരം ടണ്ണിന് മേൽ മാലിന്യം പ്രതീക്ഷിക്കാം. ബാനർ, ഹോർഡിംഗുകൾ, കൊടി തോരണങ്ങൾ , വെള്ളംകുപ്പി, കപ്പുകൾ, കവറുകൾ..... അങ്ങനെ നീളുന്ന അജൈവ മാലിന്യങ്ങൾകൊണ്ട് നാടും നഗരവും നിറയുന്ന അവസ്ഥയുണ്ടാകുമെന്നാണ് ഹരിതകേരളം അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. അതിന് പരിഹാരം തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുക എന്നത് മാത്രമാണ്. ഇതിനായി സ്ഥാനാർത്ഥികക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപ്പാർട്ടികൾക്കും സംശയദൂരീകരണത്തിനായി ഹരിത കേരളവും ശുചിത്വമിഷനും ചേർന്ന് കൈപ്പുസ്തകം പുറത്തിറക്കി.
സംസ്ഥാനത്തെ 1200തദ്ദേശ സ്ഥാപനങ്ങളിലായി ഒരുലക്ഷത്തിലേറെ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാകും. .ഇവർ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഡിസ്‌പോസിബിളുകളും ഉപയോഗിച്ചാൽ അയ്യായിരത്തിലേറെ ടൺ മാലിന്യം രൂപപ്പെടുമെന്ന് കൈപ്പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ബാനറുകളും ഹോർഡിംഗുകളുമായി ഏകദേശം 1800 ടൺ,കൊടി തോരണങ്ങൾ 1400 ടൺ,പ്ലാസ്റ്റിക് ,കുപ്പിവെള്ളം 1234 ടൺ, ഡിസ്‌പോസിബിൾ കപ്പുകൾ, പാത്രങ്ങൾ,നിരോധിത പ്ലാസ്റ്റിക് കവറുകൾ,ഉൽപ്പന്നങ്ങൾ 1342ടൺ എന്നിങ്ങനെ മാലിന്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.ഇവ അലക്ഷ്യമായി കൈകാര്യം ചെയ്ത് മണ്ണിലും പുഴയിലും എത്തുന്നത് തടയണമെന്ന് കൈപ്പുസ്തകം ഓർമ്മിപ്പിക്കുന്നു.
ഇടുക്കിയിൽ 5000 കൈപ്പുസ്തകങ്ങളാണ് എത്തിയിട്ടുള്ളത്. ഇവ ഇതിനകം എല്ലാ ബ്ലോക്കുകളിലും റിട്ടേണിംഗ് ഓഫീസർമാർക്ക് എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.നാമനിർദ്ദേശക പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം എല്ലാ സ്ഥാനാർഥികൾക്കും രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്കും വിതരണം ചെയ്യും.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ബോർഡുകളും തോരണങ്ങളും കൊടികളും സ്ഥാപിച്ചവർ തന്നെ ശേഖരിച്ച് തരംതിരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനയ്ക്ക് കൈമാറണമെന്ന് കളക്ടർ നിർദ്ദേശിച്ചു.ഉപയോഗശേഷം വോട്ടേഴ്‌സ് സ്ലിപ്പും അലക്ഷ്യമായി വലിച്ചെറിയാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.