തൊടുപുഴ. മുട്ടം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാന്റ് പ്രതി നരിയംമ്പാറ സ്വദേശി മനുവിനെ ജയിലിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കസ്റ്റഡി കൊലപാതകമാണെന്ന പിതാവിന്റെ പരാതി ജയിൽ ഡയറക്ടർ ജനറലും ജില്ലാ പൊലീസ് മേധാവിയും അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്,ഇൻക്വസ്റ്റ് റിപ്പോർട്ട്,മജിസ്റ്റീരിയൽ റിപ്പോർട്ട് എന്നിവ ജില്ലാ പൊലീസ് മേധാവി ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മനുവിന്റെ ആത്മഹത്യ കസ്റ്റഡിയിലുണ്ടായ കൊലപാതകമാണെന്ന് പിതാവ് നരിയംമ്പാറ മനോജ് പരാതിയിൽ പറഞ്ഞു. മനുവിന്റെ പേരിൽ കട്ടപ്പന പൊലീസ് ഒക്ടോബർ 24 ന് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മുട്ടം ജയിലിൽ മനുവിനെ റിമാന്റ് ചെയ്തത്.

മനുവും 17 വയസുള്ള ഒരു പെൺകുട്ടിയും തമ്മിൽ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താൻ മനുവിന്റെ വീട്ടുകാൾ തീരുമാനിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ ബന്ധുവായ പോലീസുകാരനാണ് മനുവിന്റെ പേരിൽ പോക്‌സോ കേസെടുപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. നവംബർ 5 നാണ് മനുവിനെ ജയിലിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത് . മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും കഴുത്തിലും നാഭിയിലും ചതവുണ്ടായിരുന്നു. ഏഴടി ഉയെരത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ചു എന്നത് കളവാണ്. പോക്കറ്റിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ കൈയ്യക്ഷരം മനുവിന്റേതല്ലെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. റിമാന്റ് ചെയ്യുന്നതിന് മുമ്പ് നടത്തിയ ദേഹപരിശോധനയിൽ മനുവിന്റെ ശരീരത്തിൽ ചതവും പാടുകളും ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

അതേസമയം കസ്റ്റഡി മരണത്തെ കുറിച്ച് ജില്ലാജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.