ഇടുക്കി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കമ്മ്യൂണിക്കേഷൻ ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ എച്ച്.ദിനേശന്റെ സാന്നിദ്ധ്യത്തിൽ ചേംബറിൽ അസി. കളക്ടർ സൂരജ് ഷാജി, ഡയറക്ടറി എ ഡി എം ആന്റണി സ്‌കറിയയ്ക്ക് കൈമാറി. ജില്ലാ വരണാധികാരി കൂടിയായ കളക്ടർ മുതൽ ഗ്രാമപഞ്ചായത്ത്തലത്തിൽ വരെയുള്ള വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും, ജില്ലയിലെ തഹസീൽദാർമാരുടെയും ക്രമസമാധാന പാലന വിഭാഗത്തിന്റെയും ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ ഉൾപ്പെടുന്ന ഡയറക്ടറിയാണ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി പ്രസിദ്ധീകരിച്ചത്.