തൊടുപുഴ: ഇടുക്കി ജനതയെ ഒറ്റതിരിഞ്ഞ് ഉപദ്രവിക്കുന്ന സർക്കാർ നയത്തിനേറ്റ കനത്ത പ്രഹരമാണ് ഭൂപതിവ് ചട്ടത്തിൽ സുപ്രീം കോടതി വിധിയെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിക്ക് മാത്രമായി പ്രത്യേക നിയമമില്ലെന്ന് അസന്നിഗ്ദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ അഭിഭാഷകൻ ഭൂപതിവ് ചട്ടങ്ങളിലെ മനുഷ്യത്വരഹിതമായ വ്യവസ്ഥകൾ ഇടുക്കിയിൽ മാത്രമായി നടപ്പിലാക്കണമെന്ന് സുപ്രീം കോടതിയിൽ വാദിക്കുകയായിരുന്നു. ഇടുക്കിയിൽ ജനജീവിതം ദുസഹമാക്കുന്ന തരത്തിൽ പിണറായി സർക്കാർ അടിച്ചേൽപ്പിച്ച കരിനിയമത്തിന് കേവലം ദിവസങ്ങളുടെ ആയുസ് മാത്രമേയുള്ളൂ. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ സർക്കാരിന് ഒരിഞ്ചുപോലും മുമ്പോട്ട് പോകാനാകില്ല. 1964, 1993 ഭൂപതിവ് ചട്ടങ്ങളിലെ ജന വിരുദ്ധ വ്യവസ്ഥകൾക്കെതിരെയുള്ള പോരാട്ടം ശക്തിപെടുത്തി മുമ്പോട്ടു പോകും. 1500 ചതുരശ്ര അടിയിൽ കുടുതലുള്ള കെട്ടിടങ്ങൾ പാട്ടത്തിനു നൽകുന്ന വ്യവസ്ഥകൾ ഉൾപ്പടെ കൂട്ടിച്ചേർത്ത് സർക്കാർ ഇറക്കിയ പ്രത്യേക ഉത്തരവ് ഉടൻ തന്നെ റദ്ദാക്കണം. നിയമക്കുരുക്കിൽ കുടുക്കി ജനങ്ങളെ ഉപദ്രവിക്കുന്ന സർക്കാർ സമീപനത്തിനെതിരായ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബൈസൺവാലി പഞ്ചായത്തിലെ യു.ഡി.എഫ് പഞ്ചായത്ത് മെമ്പറായ ലാലി ജോർജ്ജിനെയും, സുപ്രീം കോടതിയിൽ കേസവതരിപ്പിച്ച പി. ചിദംബരത്തെയും മാത്യു കുഴൽനാടനെയും പ്രത്യേകം അഭിനന്ദിക്കുന്നതായും എം.പി പറഞ്ഞു.