തൊടുപുഴ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിച്ച് ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേരളകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീംകോടതിയും അംഗീകരിച്ച സ്ഥിതിക്ക് സർക്കാർ ഇനിയെങ്കിലും ഇടുക്കിക്കാരോടുള്ള ചിറ്റമ്മ നയം ഉപേക്ഷിക്കണം. ഒരു ജില്ലയിൽ മാത്രമായി ഒരു നിയമം നിലനിൽക്കുമോയെന്നാണ് കോടതി ചോദിച്ചത്. ഇടുക്കിയിൽ പട്ടയം കിട്ടുന്നവർക്ക് വീട് വയ്ക്കാനും കൃഷി ചെയ്യാനും മാത്രം അനുമതിയുള്ളപ്പോൾ മറ്റ് ജില്ലകളിൽ എന്ത് നിർമാണപ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. ഇത് വിവേചനമാണെന്ന് കോടതിയും പറഞ്ഞു. കൃഷിക്കാർക്ക് വേണ്ടി പി. ചിദംബരവും മാത്യു കുഴൽനാടനുമാണ് വാദിച്ചത്. ഇവരുടെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് സർക്കാരിന്റെ അപ്പീൽ കോടതി തള്ളി. ഇനി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ മാർഗങ്ങളില്ല. തീരുമാനം നീട്ടികൊണ്ടുപോയാൽ അത് കോടതി അലക്ഷ്യമാകും. കർഷകർക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയ ഇടതുപക്ഷ മുന്നണി സർക്കാർ ഈ തിരഞ്ഞെടുപ്പിൽ നിലംപരിശാകും. കഴിഞ്ഞ 15 വർഷമായി ഈ ആവശ്യമുന്നയിച്ച് പോരാടുന്ന ആളാണ് താൻ. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതും ഇതേ കാരണം പറഞ്ഞാണ്. ഈ ആവശ്യം ഉന്നയിച്ച് ചെറുതോണിയിൽ കേരളകോൺഗ്രസ് (എം) നടത്തിയ റിലേ സത്യഗ്രഹത്തിന്റെ വിജയം കൂടിയാണിത്. ഡിസംബർ 17ന് ചേർന്ന സർവകക്ഷി യോഗത്തിൽ എല്ലാ കക്ഷികളും ഈ ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും അതിന് അനുകൂലമായാണ് പ്രതികരിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നപ്പോൾ നിയമം ഭേദഗതി ചെയ്താൽ മതിയായിരുന്നു. എന്നാൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.