kattupanni

ചെറുതോണി: കുതിരക്കല്ലിൽ കാട്ടുപന്നിയുടെ ശല്ല്യം രൂഷമായതായി പരാതി. ഇടുക്കി തങ്കമണി വില്ലേജിലെ മരിയാപുരം പഞ്ചായത്തിൽ വ്യാപകമായി കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷികൾ നശിപ്പിക്കുകയാണ്. കുതിരക്കല്ലിൽ പുളിക്കക്കുന്നേൽ ബിജു കൃഷി ചെയ്ത വിളവെടുക്കാറായ 850 ചുവട് കപ്പയാണ് കാട്ടുപന്നിക്കൂട്ടം കഴിഞ്ഞ രണ്ട് ദിവസങ്ങളായി നശിപ്പിച്ചത്. ഇത് കൂടാതെ റബർ, ജാതി, ഗ്രാമ്പു, തെങ്ങിൻ തൈകൾ മുതലായവയും നശിപ്പിക്കുന്നതായി ബിജു പറയുന്നു. ജൈവ കൃഷി രീതിയിൽ വിളകൾ വളർത്തുമ്പോൾ ധാരാളമായി മണ്ണിരകൾ ഉണ്ടാകുന്നു. കാട്ടുപന്നിയുടെ ഇഷ്ട ഭക്ഷണമായ മണ്ണിരയെ ആഹാരമാക്കുന്നതിനായാണ് ജാതിയും, റബറും പോലുള്ളവയുടെ ചുവട് ഉഴുതു മറിക്കുന്നത്. ജൈവകൃഷി സർക്കാരും, കൃഷിഭവൻ അധികൃതരും പ്രോത്സാഹിപ്പിക്കുമ്പോഴും കാട്ടുപന്നി ശല്ല്യത്താൽ അങ്ങനെ ചെയ്യാൻ നിവൃത്തിയില്ലാതെ നിസ്സഹായരായിരിക്കുകയാണ് ഇവിടുത്തെ കർഷകർ. ഈ സാഹചര്യത്തിൽ ഉപാധികളില്ലാതെ കാട്ടു പന്നികളെ തുരത്താനുള്ള നടപടികൾ അടിയന്തിരമായി ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.