തൊടുപുഴ: പത്രികാസമർപ്പണം പൂർത്തിയായപ്പോൾ മൂന്ന് മുന്നണികൾക്കും ഒരു പോലെ തലവേദനയായി മാറുകയാണ് വിമതന്മാർ. പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്ക് മുമ്പ് വിമതരെ മത്സരരംഗത്ത് നിന്ന് പിൻവലിപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രാഷ്ട്രീയപാർട്ടികൾ.

സി.പി.ഐ- സി.പി.എം നേർക്കുനേർ

ആലക്കോട് മൂന്നിടങ്ങളിൽ സി.പി.ഐയ്ക്കെതിരെ സി.പി.എമ്മും രണ്ടിടങ്ങളിൽ സി.പി.എമ്മിനെതിരെ സി.പി.ഐയും പത്രിക സമർപ്പിച്ചത് എൽ.ഡി.എഫിന് തലവേദനയായി. സി.പി.ഐ കഴിഞ്ഞ തവണ നാല്,​ ഏഴ്,​10 വാ‌ഡുകളിലാണ് മത്സരിച്ചത്. ഇതിൽ നാലിലും ഏഴിലും വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ പത്തിന് പകരം 11 വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.പി.എം മത്സരിക്കുന്ന ഈ സീറ്റ് വിട്ടുനൽകാൻ പാർട്ടി തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് മൂന്ന്,​ നാല്, ഏഴ്, ​10,​ 11 വാ‌ർഡുകളിൽ സി.പി.ഐ പത്രിക നൽകുകയായിരുന്നു. ഇതിൽ മൂന്നാം വാ‌‌ർഡും സി.പി.എം മത്സരിക്കുന്ന സീറ്റാണ്. തുടർന്ന് ഇതിനെതിരെ സി.പി.എം നാല്,​ ഏഴ്,​ 10 വാർഡുകളിൽ പത്രിക നൽകി.​ പ്രശ്നം പരിഹരിക്കാൻ മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

യു.ഡി.എഫിൽ പുത്തരിയല്ല

യു.ഡി.എഫിൽ പതിവിലും കുറവാണ് വിമതരെന്നാണ് നേതാക്കൾ പറയുന്നത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ്- കേരളകോൺഗ്രസ് തർക്കമുണ്ടായിരുന്ന കാരൂപ്പാറ വാർഡിൽ കോൺഗ്രസിലെ ഷിബിലി സാഹിബടക്കം രണ്ട് വിമതർ പത്രിക നൽകിയിട്ടുണ്ട്. പി.ജെ ജോസഫിന്റെ തട്ടകമായ പുറപ്പുഴയിൽ പാർട്ടി തീരുമാനപ്രകാരം ബ്ലോക്ക് പഞ്ചായത്ത് വഴിത്തല ഡിവിഷനിൽ പത്രിക സമർപ്പിക്കാൻ എത്തിയപ്പോളാണ് ജില്ലാ സെക്രട്ടറിയും പുറപ്പുഴ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ മുതിർന്ന നേതാവ് ടോമിച്ചൻ മുണ്ടുപാലം താനല്ല സ്ഥാനാർത്ഥിയെന്ന് അറിയുന്നത്. പാർട്ടി മണ്ഡലം കമ്മിറ്റി നിശ്ചയിച്ചത് ഫ്രാൻസിസ് ജോർജ് വിഭാഗത്തിൽ നിന്നും പാർട്ടിയിലെത്തിയ ജോബി പൊന്നാട്ടിനെയാണ്. ഇത് പ്രകാരം ജോബി പത്രിക നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ടോമിച്ചൻ മുണ്ടുപാലം സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി.

ബി.ജെ.പി- ബി.ഡി.ജെ.എസ് മത്സരം

തൊടുപുഴ നഗരസഭയിൽ മൂന്ന്,​ ഒമ്പത് വാർഡുകളെ ചൊല്ലി ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള തർക്കം തുടരുകയാണ്. ഇവിടെ രണ്ട് സീറ്റുകളിലും ഇരുകൂട്ടരും പത്രിക നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ എൻ.ഡി.എയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.