തൊടുപുഴ: റോഡരികിലെ പായലും ചെളിയും പിടിച്ചു കിടക്കുന്ന മതിൽ ഒരു സുപ്രഭാതത്തിലതാ ഒരു കൂട്ടം ചെറുപ്പക്കാരെത്തി വൃത്തിയാക്കുന്നു. കണ്ടാൽ ഇപ്പോൾ മറിഞ്ഞു വീഴുമെന്നു തോന്നുന്ന മതിലിനരികിലെ കാടുവെട്ടിത്തെളിക്കുന്നു. പായലും ചെളിയും ചുരണ്ടിക്കളഞ്ഞ് നിമിഷനേരത്തിനുള്ളിൽ യുവാക്കൾ മതിലിനെ പൂർണമായി തെളിച്ചെടുത്തു. മതിലിലെ വിള്ളലുകൾ സിമന്റ് തേച്ചും പുട്ടിയിട്ടും അടച്ചു. പിന്നെ നല്ല വെള്ളപൂശി. ഇതോടെ ആ പ്രദേശത്തിനാകെ ഒരു ഐശ്വര്യമായി. ഇങ്ങനെയുള്ള ചെറുപ്പക്കാരെയാണ് നാടിന് ആവശ്യമെന്ന് അതുവഴി പോയവരെല്ലാം പരസ്പരം പറഞ്ഞു. ഇതു പറഞ്ഞവർ ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ മതിലിൽ പൂർണമായും വെള്ളയല്ല. പലയിടത്തായി എന്തൊക്കെയോ എഴുതിയിരിക്കുന്നു,​ നമ്മുടെ സ്ഥാനാർത്ഥി...., നമ്മുടെ ചിഹ്നം...!. ഒപ്പം സ്ഥാനാർത്ഥിയുടെ ചിരിച്ച മുഖവും 'മാമനോടൊന്നും തോന്നല്ലേ മക്കളേ' എന്ന മട്ടിൽ. റോഡരികിലെ പല മതിലുകളും ഇപ്പോൾ മറിഞ്ഞ് വീഴാത്തതിന് കാരണം ഇടയ്ക്ക് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിട്ടുന്ന ഈ പരിചരണമാണെന്ന് നാട്ടുകാർ തന്നെ പറയുന്നു. കാടുംപടലും വെട്ടി വെള്ള പൂശിയാൽ മതിൽ നശിക്കാതെ കരുത്തോടെ നിൽക്കുകയും ചെയ്യും. തിരക്കേറിയ നോട്ടം കിട്ടുന്ന സ്ഥലത്തെ മതിലുകൾക്ക് വലിയ ഡിമാൻഡാണ്. ഇത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ തന്നെ രാഷ്ട്രീയപാർട്ടികൾ വെള്ള പൂശി ബുക്ക് ചെയ്തിടും. എങ്കിലും പലയിടത്തും ചുവരിനെ ചൊല്ലി ചെറിയ കശപിശകൾ ഉണ്ടാകാറുണ്ട്. വീട്ടുകാരുടെ അനുവാദം വാങ്ങാതെ മതിലെഴുതുന്നതും പ്രശ്നമാകാറുണ്ട്. എതിർപാർട്ടിക്കാരന്റെ വീടിന് മുന്നിലെ മതിലിൽ ചുവരെഴുതിയ വിരുതന്മാരും ചില നാടുകളിലുണ്ട്. ഫ്ലക്സ് ബോർഡുകൾ വന്നെങ്കിലും ഇന്നും ചുവരെഴുത്തിന് വലിയ പ്രസക്തിയുണ്ട് തിര‌ഞ്ഞെടുപ്പിൽ.