ഇടുക്കി: : ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയ നടപടി സ്വാഗതം ചെയ്യുന്നതായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. 1964 ലെയും, 1993 ലെയും പട്ടയ നിയമത്തിലെ 4-ാം ചട്ടം ഭേദഗതി ചെയ്യണമെന്ന് ഏകോപന സമിതി ഉയർത്തിയ ആവശ്യം ഇപ്പോൾ പ്രസക്തമാണെന്ന് സുപ്രീം കോടതി വിധിയോടെ തെളിഞ്ഞിരിക്കുന്നതായി കമ്മറ്റി ചൂണ്ടിക്കാട്ടി.
പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നാണു വ്യവസ്ഥ. കേരളത്തിലെവിടെയും ഭൂമി പതിച്ചു നൽകുന്നത് എന്താവശ്യത്തിനെന്നു പരിശോധിച്ച ശേഷമേ കൈവശ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളു എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെട്ടിട പെർമിറ്റിന് അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രം വേണമെന്നും നിർദേശിച്ചു.
ഇടുക്കിയിലെ ജനങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും എത്രയും വേഗം ചട്ടം ഭേദഗതി ചെയ്ത് ഇടുക്കിയിലെ ജനങ്ങളോട് സർക്കാർ നീതി പുലർത്തണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. എൻ. ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി കെ. പി. ഹസ്സൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ, വൈസ് പ്രസിഡന്റുമാരായ സി. കെ. മോഹനൻ, വി. ജമാൽ മുഹമ്മദ്, നജീബ് ഇല്ലത്തുപ്പറമ്പിൽ, കെ. ആർ. വിനോദ്, സുബൈർ എസ്. മുഹമ്മദ്, സി. കെ. ബാബുലാൽ, ജില്ലാ സെക്രട്ടറിമാരായ ജെയിംസ് മാത്യു, ആർ. രമേശ്, വി. കെ. മാത്യു, പി. എം. ബേബി, തങ്കച്ചൻ കോട്ടയ്ക്കകത്ത്, ജോയി മേക്കുന്നേൽ, ഷാജി കണ്ടച്ചാലിൽ, ജോസ് വഴുതനപ്പിള്ളിൽ, വി. ജെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.