ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.
മാർഗ്ഗനിർദ്ദേശങ്ങൾ.
1. വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂർ കാലയളവിൽ ഒരാളും നിയോജകമണ്ഡലത്തിൽ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ അതിൽ പങ്കെടുക്കുകയോ പാടില്ല.
2. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂർ സമയപരിധിയിൽ യാതൊരു മാദ്ധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നുതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങൾ പാടില്ല.
3. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാർത്ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയിൽ എക്സിറ്റ്‌പോൾ നടത്തുന്നതും അത് സംബന്ധിച്ച് ഫലപ്രഖ്യാപനം നടത്തുന്നതും തടഞ്ഞിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം.
4. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവിൽ വന്ന ശേഷം കേബിൾ നെറ്റ്വർക്ക് (റഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. ബ്രോഡ്കാസ്റ്റിംഗ് കണ്ടന്ററ് കംപ്ലെയിന്റ് കൗൺസിൽ നൽകിയിട്ടുളള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
5. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടിമാധ്യമങ്ങൾക്കായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിദ്ധം ചെയ്തിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തദ്ദേശഭരണ തിരഞ്ഞെടുപ്പിനും ബാധകമാണ്.
6. തിരഞ്ഞെടുപ്പ് സംപ്രേക്ഷണം സംബന്ധിച്ച് എംബിഎസ്എ (ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്റേർഡ് അതോറിറ്റി) നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്