തൊടുപുഴ: കരിങ്കുന്നം പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റും ആയിരുന്ന തോമസ്‌കുട്ടി കുര്യനെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയ വിധി ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ ജൂലായ് 17ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച അയോഗ്യതാ വിധിക്കെതിരെ തോമസ്‌കുട്ടി ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകിയിരുന്നു. തുടർന്ന് ആഗസ്റ്റ് 25ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല കമ്മിഷൻ തോമസ്‌ക്കുട്ടിയെ അയോഗ്യനാക്കിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് തോമസ്‌കുട്ടി കൊടുത്ത റിട്ട് പെറ്റീഷൻ അനുവദിച്ച് കൊണ്ട് കഴിഞ്ഞ 18ന് ഹൈക്കോടതി ഉത്തരവിട്ടത്. അയോഗ്യത ഉത്തരവ് ഇല്ലാതായതോടെ തോമസ്‌കുട്ടി കുര്യൻ പഞ്ചായത്തിലെ 13-ാം വാർഡിൽ നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. തോമസ്‌കുട്ടിക്ക് വേണ്ടി അഡ്വ. ടി.എ ഉണ്ണികൃഷ്ണൻ കോടതിയിൽ ഹാജരായി.