jokuttan

തൊടുപുഴ: പ്രിയപ്പെട്ടവരെ വിട്ട് പോയെങ്കിലും ജോക്കുട്ടന്റെ കനിവ് ഇനിയും ആയിരങ്ങൾക്ക് ആശ്വാസമേകും. പിതാവ് പി.ജെ. ജോസഫ് എം. എൽ. എ മകന്റെ പേരിൽ രൂപവത്കരിച്ച ജോമോൻ ജോസഫ് (ജോക്കുട്ടൻ) ചാരിറ്റബിൾ ട്രസ്റ്റ് അശരണരായ നിരവധി പേർക്കാണ് സഹായമേകുന്നത്.

ട്രസ്റ്റിന്റെ കനിവ് പദ്ധതിയിലൂടെ തൊടുപുഴ നിയോജകമണ്ഡലത്തിലെ നിർദ്ധനരായ 700 കിടപ്പ് രോഗികൾക്ക് മാസം ആയിരം രൂപ വീതം നൽകുന്നുണ്ട്. തൊടുപുഴ ജില്ലാ ആശുപത്രിയുടെ പരിധിയിൽ പാലിയേറ്റീവ് ചികിത്സയിലുള്ള രോഗികളിൽ നിന്ന് ഭക്ഷണത്തിനു വകയില്ലാത്ത 700 പേരെയാണ് കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആദ്യ മാസം രോഗികളുടെ വീടുകളിൽ നേരിട്ടെത്തിച്ച തുക പിന്നീട് ബാങ്ക് അക്കൗണ്ടു വഴിയാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കനിവ് പദ്ധതി ആരംഭിച്ചത്. മക്കളുടെയും ഭാര്യയുടെയും നിർദ്ദേശപ്രകാരമാണ് ഭിന്നശേഷിക്കാരനായ മകൻ ജോക്കുട്ടന്റെ പേരിൽ രോഗികൾക്ക് സഹായം എത്തിക്കാനുള്ള ട്രസ്റ്റ് ജോസഫ് ആരംഭിച്ചത്. പണം കണ്ടെത്തുകയായിരുന്നു പ്രതിസന്ധി. ഈ ഘട്ടത്തിലാണ് ജോക്കുട്ടന് നൽകുന്ന കുടുംബസ്വത്തിൽ നിന്ന് പണം കണ്ടെത്താമെന്ന തീരുമാനത്തിലെത്തിയത്. ആദ്യഘട്ടത്തിൽ പണം സമാഹരിക്കാൻ കുടുംബസ്വത്തായി ലഭിച്ച ഭൂമിയിലെ തേക്കും ആഞ്ഞിലിയും വിറ്റു. ഇങ്ങനെ ലഭിച്ച എട്ടര ലക്ഷം രൂപയാണ് ആദ്യ മൂന്നുമാസങ്ങളിൽ കിടപ്പുരോഗികൾക്ക് നൽകിയത്. മുമ്പോട്ടുള്ള പ്രവർത്തനങ്ങൾ ഓഹരിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ചെയ്യുന്നത്. നിരവധി രോഗികൾക്ക് ചികിത്സാ സഹായം,​ പാവപ്പെട്ടവർക്ക് വീട്,​ ഡയാലിസിസ് ധനസഹായം,​ നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി തുടങ്ങി ജോക്കുട്ടന്റെ അഭാവത്തിലും ജോക്കുട്ടന്റെ പേരിലുള്ള കനിവ് മുടക്കമില്ലാതെ തുടരും.