തൊടുപുഴ: കരിമണ്ണൂർ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് മുന്നിൽ അൽപ്പം പേടിയോടെയേ വോട്ടർമാർ നിൽക്കൂ. കൊച്ചുപെൺകുട്ടിയാണെങ്കിലും കരാട്ടേ ബ്ലാക്ക് ബെൽറ്റാണ് സ്ഥാനാർത്ഥി. കരിമണ്ണൂർ ഡിവിഷനിൽ നിന്ന് ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി റീനു ജെഫിനാണ് ആയോധന കല നൽകിയ ആത്മവിശ്വാസത്തിൽ മത്സരിക്കാനിറങ്ങിയത്. റീനു ജെഫിൻ ഒന്നാം ക്ലാസ് മുതൽ കരാട്ടെ പഠിക്കുന്നുണ്ട്. 2012 ബ്ലാക്ക് ബെൽറ്റ് കിട്ടി. അന്ന് മുതൽ നിരവധി പേരെ പരിശീലിപ്പിച്ചു. റീനുവിന്റേത് കന്നിയങ്കമാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തെ നേരിടുന്നത്. കേരള കോൺഗ്രസ് (എം) പ്രതിനിധിയായാണ് റീനു മത്സരിക്കുന്നത്. കോടതി വിധിയിലൂടെ പാർട്ടി ചിഹ്നമായ രണ്ടില തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ ഇരുപത്തിയഞ്ചുകാരി. യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയായ ജെഫിൻ കെ. അഗസ്റ്റിനാണ് ഭർത്താവ്. രണ്ടര വയസുകാരി അന്ന റോസ് മകളാണ്.