ഇടുക്കി: പട്ടയഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഒരു ജില്ലയ്ക്ക് മാത്രമായി പാടില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ച പശ്ചാത്തലത്തിൽ സർക്കാർ ഇടുക്കിക്കാർക്ക് മാത്രമായി നിയമനിർമാണം നടത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ മാത്യു കുഴൽനാടൻ. ഇടുക്കിയിലെ കർഷകരെ രണ്ടാം തരം പൗരന്മാരായി കാണുന്ന സർക്കാർ നിലപാട് ഇനിയെങ്കിലും അവസാനിപ്പിക്കണം. എല്ലാ നിലയ്ക്കും പ്രയാസപ്പെടുന്ന കർഷകരെ സർക്കാർ വേട്ടയാടുന്നത് നിർഭാഗ്യകരമാണ്. കർഷകരെ സർക്കാർ വീണ്ടും വീണ്ടും വഞ്ചിക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങളോടും പുതിയ നിയമനിർമാണത്തിന് ശ്രമിക്കുന്നതിലൂടെ ഉടലെടുത്ത ആശങ്കകളോടും ഇടുക്കിയിലെ ജനപ്രതിനിധികളുടെ പ്രതികരണം എന്താണ്. വേട്ടക്കാരെപ്പോലെ കർഷകരെ ആക്രമിക്കുന്ന സർക്കാരിനൊപ്പമാണോ നിങ്ങൾ? തുറന്നു പറയണം. കർഷകപ്രേമം പറയുന്ന കേരള കോൺഗ്രസ് (ജോസ് വിഭാഗം) വിഷയത്തിൽ മൗനം തുടരുന്നത് പുത്തനച്ചി പുരപ്പുറം തൂക്കും എന്നു പറഞ്ഞതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.