ചെറുതോണി: കഞ്ഞിക്കുഴി വില്ലേജ് ആഫീസ് ചേലച്ചുവടിന് മാറ്റാനുള്ള തീരുമാനം ഭരണസമിതിയുടേതല്ലെന്നും ജില്ലാ കളക്ടറും തഹസിൽദാറും സെക്രട്ടറിയും ചേർന്നെടുത്ത തീരുമാനമാണെന്നും മുൻവൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്കു പ്രസിഡന്റുമായ ജോസ് ഊരാക്കാട്ടിൽ പറഞ്ഞു. വില്ലേജ് ആഫീസിനു കെട്ടിടം പണിയുന്നതിനു ഫണ്ട് അനുവദിച്ചപ്പോൾ തന്നെ ബസ് സ്റ്റാൻഡിന് സമീപം ഏഴ് സെന്റ് സ്ഥലം നൽകാൻ കമ്മിറ്റി തീരുമാനിച്ചതാണ്. പഞ്ചായത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കമ്മിറ്റി തീരുമാനം അയച്ചു കൊടുക്കുകയും സ്ഥലം വിട്ടുനൽകുന്നതിനു അനുവാദം നൽകണമെന്നാവശ്യപ്പെട്ടിട്ടുമുണ്ട്. ഇതനുസരിച്ച് സ്ഥലം അളന്നുതിരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. വില്ലേജ് ആഫീസ് കഞ്ഞിക്കുഴിൽ തന്നെ വേണമെന്നത് ഭരണസമിതിയുടെയും പൊതുജനങ്ങളുടെയും ആഗ്രഹവും ആവശ്യവുമാണ്. എന്നാൽ ഇടതുപക്ഷാനുഭാവിയായ സെക്രട്ടറി രാഷ്ട്രീയമുതലെടുപ്പിന് നടത്തിയ ആരോപണമാണ് വില്ലേജ് ആഫീസ് വിഷയമെന്ന് ജോസ് ഊരക്കാടൻ പറഞ്ഞു. വില്ലേജ് ആഫീസ് മാറ്റാനുള്ള തീരുമാനമുണ്ടായാൽ യു.ഡി.എഫ് ഒറ്റകെട്ടായി എതിർക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.