ചെറുതോണി: കഞ്ഞിക്കുഴി വില്ലേജ് ആഫിസ് ചേലച്ചുവട്ടിലേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. കഞ്ഞിക്കുഴി വികസന സമിതിയുടെ നേതൃത്വത്തിൻ പഞ്ചായത്ത് ആഫീസിലേയ്ക്ക് ജനകീയ മാർച്ച് നടത്തി. ജനകീയ മാർച്ച് വികസന സമതി ചെയർമാൻ മനോഹർ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്മാർട്ട് വില്ലേജ് ആഫീസ് കെട്ടിടം നിർമ്മിക്കാൻ സർക്കാർ 44 ലക്ഷം രൂപ അനുവദിക്കുകയും സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം എഴു സെന്റ് സ്ഥലം വിട്ട് നൽകാൻ പഞ്ചായത്ത് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു വിഭാഗം ഇത് അട്ടിമറിക്കുകയാണെന്നും കഞ്ഞിക്കുഴിയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണിതെന്നും വികസന സമതി നേതാക്കൾ പറഞ്ഞു. വർഷങ്ങളായി കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന വില്ലേജ് ആഫീസ് ചേലച്ചുവടിന് മാറ്റാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് വികസനസമതി നേതാക്കളായ ഷാജി വാഴക്കാല, ബെന്നി കണ്ണംപ്ലാക്കൽ, ജോയി വരിക്കയിൽ എന്നിവർ പറഞ്ഞു.