ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യവ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസമായ ഇടുക്കിയിൽ ഡിസംബർ എട്ടിനാണ് അവധി. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ പ്രത്യേക അനുമതി നൽകാമെന്നും ഉത്തരവിൽ പറയുന്നു. അവധി നൽകാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണ്.