തൊടുപുഴ: യു.ഡി.എഫ് ജില്ലാ ഡിവിഷൻ തല നേതൃയോഗങ്ങൾ 23, 24, 25 തീയതികളിലും മണ്ഡലംതല നേതൃയോഗങ്ങൾ 24, 25, 26 തീയതികളിലും വാർഡുതല തിരഞ്ഞെടുപ്പ് യോഗങ്ങൾ 25, 26, 27 തീയതികളിലും നടത്താൻ ഇടുക്കി ജവഹർ ഭവനിൽ ചേർന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ യോഗം തീരുമാനിച്ചു. ഡിവിഷൻ തല നേതൃയോഗങ്ങളിൽ അതത് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും ബ്ലോക്ക്, വാർഡ് സ്ഥാനാർത്ഥികളും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. മണ്ഡലംതല യോഗങ്ങളിൽ വാർഡ് സ്ഥാനാർത്ഥികളും അതത് ജില്ലാ- ബ്ലോക്ക് സ്ഥാനാർത്ഥികളും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. ജില്ലാ ഡിവിഷൻതല തിരഞ്ഞെടുപ്പ് കമ്മിറ്റികളും മണ്ഡലംതല തിരഞ്ഞെടുപ്പ് കമ്മിറ്റികളും ഈ യോഗങ്ങളിൽ രൂപീകരിക്കും.
സ്ഥാനാർത്ഥികളുടെ അഭ്യർത്ഥനയുമായുള്ള ആദ്യ റൗണ്ട് ഭവന സന്ദർശനം നവംബർ 30ന് മുമ്പ് പൂർത്തീകരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പര്യടനം ഡിസംബർ 1, 2, 3 തീയതികളിൽ നടക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബ് പ്രവർത്തന രേഖ അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.എൽ.എ ഇ. എം. ആഗസ്തി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി. സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, കെ.പി.സി.സി നിർവ്വാഹകസമതി അംഗം എ.പി ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.