ചെറുതോണി: ജില്ലയ്ക്ക് മാത്രമായി പ്രത്യേക ഭൂമി പതിവ്ചട്ടം കൊണ്ടുവന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നെന്ന പ്രചരണം ശുദ്ധ അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും പറഞ്ഞു. ഇതിനായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നെന്ന വാർത്ത ഭാവനാസൃഷ്ടി മാത്രമാണ്. പതിച്ചു കിട്ടിയ ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാവൂവെന്ന 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നും നിലവിലെ നിർമ്മാണങ്ങൾ ക്രമവത്കരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകഷി യോഗത്തിൽ സർക്കാർ നിലപാട് കൃത്യതയോടെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. 1964ലെ ഭൂനിമയമത്തിലെ നാലാം ചട്ടത്തിൽ നിന്ന് കേരളത്തിലെ മുഴുവൻ കർഷകരെയും രക്ഷിച്ചെടുക്കുന്നതിനുവേണ്ടിയാണ് നിയമ ഭേദഗതിക്കായി സർക്കാർ ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു ജില്ലയ്ക്കായി ചട്ടം പരിമിതപ്പെടുത്തുമെന്ന പ്രചരണം രാഷ്ട്രീയ ദുഷ്ട ലാക്കോടെയുള്ളതാണ്. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെയാണ് മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവുണ്ടാകുന്നത്. 1964 ലെ ഭൂമി പതിവ് ചട്ടം ലംഘിച്ച് പള്ളിവാസലിൽ നിർമ്മിച്ചിട്ടുളള കെട്ടിടങ്ങളുടെ പട്ടയം ജില്ലാ കളക്ടർ റദ്ദ് ചെയ്തത് യൂത്ത് കോൺഗ്രസ് നേതാവുമായ ബിജോ മാണിയുടെ പരാതിയിന്മേലാണ്. ഈ പട്ടയം റദ്ദ് ചെയ്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി കോടതിയെ സമീപിച്ചാണ് ജില്ലയിലെ കൃഷിക്കാർക്കാകെ എതിരായ വിധി നേടിയെടുത്തത്. എട്ട് വില്ലേജിൽ മാത്രമുണ്ടായിരുന്ന നിയന്ത്രണം കോടതി വിധിയിലൂടെ ജില്ല മുഴുവൻ വ്യാപകമാക്കിയതിനു ശേഷം സംസ്ഥാനത്താകെ വ്യാപിപ്പിക്കണമെന്ന ഉത്തരവ് വാങ്ങിയതും കോൺഗ്രസ് നേതാക്കളാണ്. എട്ട് വില്ലേജുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ശ്രമങ്ങൾ തുടരുകയും സംസ്ഥാനത്താകെ ബാധകമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് മാറ്റികിട്ടുന്നതിനുമാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. വൻതുക ചിലവഴിച്ച് സീനിയർ അഭിഭാഷകരെ ഉപയോഗിച്ച് സുപ്രീം കോടതിയിൽ നിന്നും കർഷകർക്കെതിരായ ഉത്തരവ് വാങ്ങിയ കോൺഗ്രസിന്റെ കർഷക വിരുദ്ധ മുഖം ഒരിക്കൽ കൂടി പുറത്തുവന്നുവെന്നും നേതാക്കൾ പറഞ്ഞു.