തൊടുപുഴ: മദ്യം വാങ്ങാൻ ടോക്കൺ വേണ്ടെന്ന പ്രചരണം വ്യാപിച്ചതോടെ സർക്കാർ മദ്യാശാലകൾക്ക് മുമ്പിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വൻ തിരക്ക്. ബാറുകളിൽ മദ്യ വിൽപന കൂടുകയും ബിവറേജ് ഔട്ട്‌ലെറ്റുകളിൽ വിൽപന കുറയുകയും ചെയ്ത സാഹചര്യത്തിൽ ടോക്കൺ ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതോടെ സാമൂഹിക അകലം പാലിച്ച് ഒരേ സമയം അഞ്ചു പേർ മാത്രമാണ് ക്യൂവിൽ നിൽക്കാൻ പാടുള്ളൂവെന്ന സർക്കാർ നിർദേശം ലംഘിച്ച് നൂറുകണക്കിനാളുകളാണ് മദ്യം വാങ്ങാൻ തടിച്ച് കൂടിയത്. തുടർന്ന് ടോക്കണുമായെത്തിയവരും വലഞ്ഞു. എന്നാൽ ടോക്കൺ ഇല്ലാതെ മദ്യം നൽകണമെന്ന് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ബിവറേജ് ജീവനക്കാർ പറയുന്നത്. തൊടുപുഴ നഗരത്തിൽ ഉൾപ്പെടെ പല മേഖലയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മദ്യം വാങ്ങാൻ കൂട്ടം കൂടുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.