തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനത്തെ ബാധിച്ച് അടിക്കടിയുണ്ടാകുന്ന തകരാറുകളും കൊവിഡും. കഴിഞ്ഞ ദിവസം തകരാറിലായ ജനറേററ്റിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. എന്നാൽ വിദഗ്ദ്ധരായ തൊഴിലാളികൾ എത്തുന്നതിന് കൊവിഡ് വ്യാപനം തടസമാവുകയാണ്. ആകെയുള്ള ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. രണ്ട്, മൂന്ന്, നാല് നമ്പർ ജനറേറ്ററുകളാണ് നിലവിൽ അറ്റകുറ്റപ്പണിയിലുള്ളത്. മൂന്നാം നമ്പർ ജനറേറ്ററിന്റെ റോട്ടറിലാണ് ബുധനാഴ്ച തകരാർ കണ്ടെത്തിയത്. റോട്ടറിന്റെ കണ്ടക്ടറിനായിരുന്നു തകരാർ. പരിശോധനയിൽ കൂടുതൽ തകാരാറുകൾ കണ്ടെത്തിയതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. ഒരു മാസം നീണ്ട വാർഷിക അറ്റകുറ്റപ്പണിക്ക് ശേഷമാണ് മൂന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞമാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങിയത്. അറ്റകുറ്റപ്പണി തീർത്ത ശേഷം പരീക്ഷണ ഓട്ടം നടത്തിയപ്പോൾ തകരാർ കണ്ടെത്തിയിരുന്നു. ഇതും പരിഹരിച്ച ശേഷം ഒരു മാസം തികയും മുമ്പേ മറ്റൊരു ഭാഗത്ത് കൂടി തകരാറുണ്ടായി. കഴിഞ്ഞമാസം 28നാണ് പദ്ധതിയുടെ ഭാഗമായ നാലാം നമ്പർ ജനറേറ്റർ തകരാറിലായത്. ബയറിങ്ങിന്റെ താപനില വർദ്ധിച്ചതാണ് പ്രവർത്തനം നിർത്താൻ കാരണം. ഇതോടെ ഈ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലേക്ക് മാറ്റുകയായിരുന്നു. 30-ാം തീയതിയോടെ ഈ ജനറേറ്റർ പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ജനുവരി 20നാണ് പൊട്ടിത്തെറിയെ തുടർന്ന് രണ്ടാം നമ്പർ ജനറേറ്റർ നിലച്ചത്. അറ്റകുറ്റപ്പണി നടത്തി പരീക്ഷ ഓട്ടം നടത്തിയപ്പോൾ വീണ്ടും തകരാർ കണ്ടെത്തുകയായിരുന്നു. കൊവിഡ് കാരണം അറ്റകുറ്റപ്പണിക്കാവശ്യമായ സാമഗ്രികൾ എത്തിക്കുന്നത് വൈകിയിരുന്നു. പിന്നീട് ഇവയെത്തിച്ച് പണി പൂർത്തിയാക്കി പരീക്ഷ ഓട്ടം നടത്തിയപ്പോഴാണ് ഒക്ടോബർ അവസാന വാരം വീണ്ടും തകരാർ ശ്രദ്ധയിൽപ്പെട്ടത്. ജനറേറ്ററിന്റെ ഇൻസുലേഷനാണ് തകരാർ. ഈ ജനറേറ്റർ ഡിസംബർ ആദ്യത്തോടെ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. അറ്റകുറ്റപ്പണി നീളാൻ പ്രധാന കാരണം കൊവിഡാണ്. ഇതുവരെ ഇരുപതിലധികം പേർക്കാണ് രോഗം ബാധിച്ചത്. പലതവണയായി ഇത്തരത്തിൽ രോഗം വന്നവരും അല്ലാതെയും നിരവധി പേർ നിരീക്ഷണത്തിലുമായി.
ജലനിരപ്പ് 89 ശതമാനം
ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോൾ 2393.38 അടിയാണ് ഇടുക്കി സംഭരണിയിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 89 ശതമാനമാണിത്. 3.372 ദശലക്ഷം യൂണിറ്റായിരുന്നു 24 മണിക്കൂറിനിടെയുള്ള വൈദ്യുതി ഉത്പാദനം. 3.12 മില്യൺ യൂണിറ്റിന്റെ ആറ് ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്.