തൊടുപുഴ: മുതിർന്ന പ്രവർത്തകരെ എങ്ങനെ പ്രചരണത്തിന് സജീവമാക്കാം.... കൊവിഡ് കാലത്തെ സ്ഥാനാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുതിർന്ന പ്രവർത്തകരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ അറുപത്തിയഞ്ച് കഴിഞ്ഞവരെ പ്രചരണത്തിന് മുൻനിരയിൽ നിർത്താൻ തടസങ്ങളുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ തഴക്കവും പഴക്കവുമുള്ള മുതിർന്നവരെ എങ്ങനെ മാറ്റി നിർത്താനാവും. എല്ലാ മുന്നണിയിൽപ്പെട്ട സ്ഥാനാർത്ഥികളും ഇത്തരം ഒരു പ്രശ്നത്തെ അഭിമിഖീകരിക്കുകയാണ്. പ്രദേശിക തലത്തിലെ പല സീനിയർ നേതാക്കളെയും പ്രായത്തിന്റെ പേരിൽ സ്ഥാനാർത്ഥിപട്ടിക തയ്യാറാക്കിയപ്പോൾ ഒഴിവാക്കിയിരുന്നു. എന്നാൽ പ്രചരണ രംഗത്ത് അത് പറ്റില്ലല്ലോ. എത്രയോ തിരഞ്ഞെടുപ്പ്കൾകണ്ട വരാണവർ. എത്രയോ പേരെ ജയിപ്പിക്കുകയും തോൽപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കൊറോണയുടെ പേരിൽ സ്ഥാനാർത്ഥിപട്ടികയിൽനിന്നല്ലേ ഒഴിവാക്കാൻ പറ്റൂ. പ്രചരണ രംഗത്ത് ഒഴിവാക്കാൻ പറ്റാത്ത അവരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് വിവിധ മുന്നണികൾ. തന്ത്രങ്ങൾ മെനയാനും വോട്ട്ചോർച്ചതടയുന്നതിനും എതിരാളികളികളുടെ നീക്കങ്ങൾ കണ്ട് അതൊക്കെ തടയിടുകയും ചെയ്തിരുന്ന മുതിർന്ന പ്രവർത്തകരെ ആദ്യമേതന്നെ പാട്ടിലാക്കാൻ സ്ഥാനാർത്ഥികൾ നടത്തിയ ശ്രമം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. അനുഗ്രഹം വാങ്ങൽ എന്ന പേരിൽ മുതിർന്ന പ്രവർത്തകരെ കാണുകയും സഹായ സഹകരണം ഉറപ്പാക്കലും നടന്ന് വരുകയാണ്.മുതിർന്നവർ തങ്ങൾക്ക് കിട്ടിയ ഒരു അംഗീകാരമായി കണ്ട് തങ്ങളുടെ സ്വന്തം സ്ഥാനാർത്ഥികളെ അനുഗ്രഹിക്കുക മാത്രമല്ല ആവശ്യമായ ഉപദേശങ്ങളും നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളിൽ എത്താമെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ച് തങ്ങളുടെ വോട്ടുകളെക്കുറിച്ച് വിശകലനം ചെയ്യാമെന്നുമൊക്കെ ചിലർ ഉറപ്പ് നൽകി. വീടുവീടാന്തരം കയറിയുള്ള പ്രചരണത്തെക്കുറിച്ച് വരും ദിവസങ്ങളിൽ സാഹചര്യങ്ങൾ കണ്ട് ശ്രമിക്കാമെന്ന് ചിലർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങളിൽ മുതിർന്നവരുടെ അസാന്നിദ്ധ്യം ഒരു കുറവ്തന്നെയാണെന്നാണ് സ്ഥാനാർത്ഥികളുടെ വിലയിരുത്തൽ.