ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, ഉപ വരണാധികാരി, ക്ലർക്ക് എന്നിവർക്കായി പരിശീലന ക്ലാസ് നടന്നു. ജില്ലാ കളക്ടർ എച്ച്.ദിനേശന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യാഗസ്ഥർക്ക് പരിശീലന ക്ലാസ് നല്കിയത്. പോസ്റ്റൽ ബാലറ്റ് , ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെ പോളിംഗ് സാധനങ്ങളുടെ വിതരണം, തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് എന്നിവ സംബന്ധിച്ചാണ് പരിശീലനം നല്കിയത്. ഇതോടൊപ്പം ഓരോ സ്ഥാനാർത്ഥിയ്ക്കും ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ സംശയ നിവാരണവും നടന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതത് ദിനങ്ങളിൽ ഓൺലൈനായും ഗൂഗിൾഷീറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക രീതിയിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതു സംബന്ധിച്ചും ഉദ്യാഗസ്ഥർക്ക് വിശദീകരിച്ചു നല്കി. ബ്ലോക്ക്തല വരണാധികാരികൾ തങ്ങളുടെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത്തല വരണാധികാരി, ഉപവരണാധികാരികളെ ചേർത്ത് ഗ്രൂപ്പുകൾ രൂപീകരിച്ച് തിരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ നല്കിയും സംശയങ്ങൾ ദൂരീകരിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ജില്ലാ കളക്ടർ നല്കി. ബ്ലോക്ക് തല പരിശീലന ശേഷം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വരണാധികാരികൾക്ക് വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടർ ഇലക്ഷൻ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സബ് കളക്ടർ പ്രേം കൃഷ്ണ, എ ഡി എം ആന്റണി സ്‌കറിയ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സാജൻ വി.കുര്യാക്കോസ്, ബ്ലോക്ക്തല വരണാധികാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.