തൊടുപുഴ: തിരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇതോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആരൊക്കെ സ്ഥാനാർത്ഥികളാണെന്നതിൽ അന്തിമ തീരുമാന മാകും. പ്രധാനപ്പെട്ട മുന്നണികൾക്കെല്ലാം വിമതരുടെ ശല്യമുള്ളതിനാൽ അവരെ പിൻതിരിപ്പിക്കുന്നതിനും പാർട്ടിയിൽ ചില സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്ത് അവരെക്കൊണ്ട് പിൻതിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന് വരുകയായിരുന്നു. മുന്നണിയിലുണ്ടായ ചില പടലപ്പിണക്കങ്ങളും അടുത്ത തവണ സീറ്റൊപ്പിക്കലുമടക്കം പലവിധ കാരണങ്ങളാൽ നോമിനേഷൻ നൽകിയവരെ മുതിർന്ന നേതാക്കൾ ഇടപെട്ട് പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു. മുന്നണികളിൽ അസ്വാരസ്യം ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള വിട്ട് വീഴ്ച്ചകൾ നടന്നതിന്റെ ഫലങ്ങൾ ഇന്ന് വൈകുന്നേരത്തോടെയേ വ്യക്തമാകൂ. ഡമ്മി സ്ഥാനാർത്ഥികൾ പിൻ വലിക്കും. എന്നാൽ ഡമ്മി സ്ഥാനാർത്ഥി യഥാർത്ഥ സ്ഥാനാർത്ഥിയായ സംഭവങ്ങളും ഇതിനിടെ അരങ്ങേറിയിട്ടുണ്ട്. പൈനാവ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് യുവജനപ്രാതിനിധ്യത്തിന്റെ പേരിൽ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന കെ. എസ്. യു നേതാവിന് അവസരം ലഭിച്ചത്.

എന്നാൽ പലതരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാത്തവരുമുണ്ട്. ഇന്ന് വൈകുന്നേരം മൂന്നുവരെ പല തരത്തിലുള്ള നാടകങ്ങളും അരങ്ങേറും. തങ്ങൾക്ക് ഭീഷണിയായി മാറുമെന്നുറപ്പുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളുടെ കാല് പിടിച്ച് കളത്തിൽനിന്ന് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.