എഞ്ചിനിയർക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
ചെറുതോണി: ജില്ലപഞ്ചായത്ത് പത്തുലക്ഷംരൂപയുപയോഗിച്ച് നിർമ്മിച്ച കുടിവെള്ളപദ്ധതി ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്തില്ലെന്ന് പരാതി. കൊക്കരക്കുളം-ചെമ്പകപ്പാറ കുടിവെള്ളപദ്ധതിയാണ് ഇങ്ങനെ പാഴായത്.
2018-19 വാർഷികപദ്ധതിയിൽപെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കുടിവെള്ളപദ്ധതിയുടെ ഗുണഭോക്താക്കളാണ് മഴക്കാലത്തുപോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കൊക്കരക്കുളത്തുള്ള കുളത്തിൽ നിന്നും മുപ്പതിലധികം കുടുംബങ്ങൾ താമസിക്കുന്ന ചെമ്പകപ്പാറയിലേക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ്‌ചെയ്താണ് എത്തിക്കുന്നത്. കുളത്തിൽ നിന്നും നാനൂറ് മീറ്ററോളം ഉയരത്തിലുള്ള 5000 ലിറ്ററിന്റെ ടാങ്കിലെത്തുന്ന വെള്ളം മറ്റൊരു നാനൂറ് മീറ്റർ അകലെയുള്ള മറ്റൊരു സംഭരണിയിലേക്ക് പിവിസി പൈപ്പ് വഴിയെത്തിച്ചാണ് വെള്ളം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കിയിരുന്നത്. ആദ്യ സംഭരണിയിലേക്ക് രണ്ടിഞ്ച് വ്യാസമുള്ള ജി ഐ പൈപ്പിലൂടെയാണ് വെള്ളം എത്തുന്നത്. ഈ സംഭരണിയിൽ നിന്നും ഒന്നേകാൽ ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പാണ് അടുത്ത സംഭരണിയിലേക്ക് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണസമയത്ത്തന്നെ ഇതിനെതിരെ നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നെങ്കിലും കരാറുകാരനോ എഞ്ചിനീയറോ ചെവിക്കൊണ്ടില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. രണ്ടിഞ്ച് വ്യാസമുള്ള പൈപ്പുതന്നെ സ്ഥാപിച്ച് ആദ്യ സംഭരണിക്കുസമീപത്ത് മോട്ടോറിൽ നിന്നും വരുന്ന പൈപ്പുമായി ഒരു വാൽവുവഴി ബന്ധപ്പെടുത്തുകയും ചെയ്താൽ യാതൊരു തടസവുമില്ലാതെ ആളുകൾക്ക് കുടിവെള്ളം ലഭിക്കുമായിരുന്നു. ഇപ്പോൾ കുടിവെള്ള സംവിധാനങ്ങളൊക്കെയായെങ്കിലും ആദ്യസംഭരണിവരെമാത്രമെ വെള്ളം എത്തുകയുള്ളു. ഉയർന്നസ്ഥലത്ത് രണ്ടാമത്തെ സംഭരണി സ്ഥാപിച്ചാൽ മാത്രമെ ആളുകൾക്ക് ഹോസുവഴി വെള്ളം കൊണ്ടുപോകുവാനും സാധിക്കുകയുള്ളു. കാലവർഷത്തിൽപോലും കുടിവെള്ളത്തിന് ക്ഷാമമുള്ള പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ പണംമുടക്കി ഹോസും വാങ്ങിഇട്ടെങ്കിലും വെള്ളം എത്തിയില്ല.
സ്ഥലം കാണാതെ അനുമതിനൽകിയെന്ന്
പദ്ധതിസ്ഥലം സന്ദർശിക്കാതെയാണ് ബ്ലോക്ക് പഞ്ചായത്ത് എ.ഇ പദ്ധതിക്ക് രൂപകൽപ്പനനൽകിയതെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലം സന്ദർശിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കുടിവെള്ളപദ്ധതി യാതൊരുപ്രയോജനവുമില്ലാതെ നശിപ്പിക്കുമായിരുന്നില്ലെന്നും പ്രദോശവാസികൾ ആരോപിച്ചു. ലക്ഷങ്ങൾ മുടക്കി കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും ഇപ്പോഴും പ്രദേശവാസികൾക്ക് കുടിവെള്ളത്തിനായി കിലോമീറ്ററുകൾ അകലെനിന്നും തലച്ചുമടായി വെള്ളം എത്തിക്കേണ്ട ഗതികേടാണ്. എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് പോരായ്മകൾ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.