തൊടുപുഴ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി- കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് 26ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആട്ടോ- ടാക്സി ആന്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ ജില്ലാ സെക്രട്ടറി കെ.എൻ. ശിവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മോദി സർക്കാർ മോട്ടോർ ആക്ട് ഭേദഗതി ചെയ്ത് ഇൻഷുറൻസ് പ്രീമിയം കുത്തകകളെ ഏർപ്പിച്ചു. തൊഴിൽ നിയമങ്ങൾ മാറ്റി തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കി. കോർപ്പറേറ്റുകളെ എല്ലാ വിധത്തിലും സഹായിക്കുകയും കർഷകരെയും തൊഴിലാളികളെയും അടിമസമാനമായ ജീവിതത്തിലേക്ക് തള്ളിവിടുകയുമാണ് മോദി സർക്കാർ. ബി.എം.എസ് ഒഴികെയുള്ള എല്ലാ യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറക്കാതെ പണിമുടക്ക് വൻവിജയമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.