തൊടുപുഴ: കേരളത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യംഉയർത്തി നാളെ ജില്ലയിലെ നഗരസഭാപഞ്ചായത്ത് കേന്ദ്രങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വികസന സദസുകൾ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ അറിയിച്ചു.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഗവൺമെന്റിനെ തകർക്കാനുമുള്ള ശ്രമത്തിലാണ് കേന്ദ്രഭരണകൂടം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,സിബിഐ
തുടങ്ങിയ അന്വേഷണ ഏജൻസികൾ പച്ചയായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്.കേരളത്തിൽ കിഫ്ബിയിലൂടെ നടക്കുന്ന പതിനായിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെ തുരങ്കം വക്കുന്നതിനുള്ള ശ്രമത്തിലാണ് കൺട്രോൾ ആൻഡ് ഓഡിറ്റ് ജനറൽ.രാജ്യത്തെ അധികാരത്തിലുള്ള ഏക ഇടതുപക്ഷ ഗവൺമെന്റാണ് കേരളത്തിലുള്ളത്. നാടിന്റെ വളർച്ചയിൽ ഇന്ത്യക്ക് തന്നെ മാത്യകയാണ് കേരളം.
ആരോഗ്യം,വിദ്യാഭ്യാസം,ഭവന നിർമ്മാണം,കൃഷി,പൊതുവിതരണം,പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിലെല്ലാം കേരളം കൈവരിച്ച നേട്ടങ്ങൾ യുഡിഎഫ്ബിജെപി കൂട്ടുക്കെട്ടിനെ വിറളിപ്പിടിപ്പിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തെ തകർക്കാൻ ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ ചെറുത്ത് നിൽപ്പ് പ്രസ്ഥാനം വളർന്ന് വരേണ്ടതുണ്ട്. നാളെ വൈകുന്നേരം 5 ന് പഞ്ചായത്ത്,നരഗരസഭാ കേന്ദ്രങ്ങളിൽ നടക്കുന്ന വികസന സദസുകൾ വിജയിപ്പിക്കണമെന്ന് കെ. കെ. ശിവരാമൻ അഭ്യർത്ഥിച്ചു.