തൊടുപുഴ : നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ദേശീയ നഗര ഉപജീവന ദൗത്യതിന്റെ ഭാഗമായി തൊടുപുഴയിൽ ആരംഭിക്കുന്ന രണ്ട് സൗജന്യ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫീൽഡ് ടെക്‌നിഷ്യൻ (ഹോം അപ്ലയൻസസ്), മൊബൈൽ ഫോൺ ഹാർഡ്വെയർ ടെക്‌നിഷ്യൻ എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത് രണ്ട് മാസം ദൈർഘ്യമുള്ള ഈ കോഴ്‌സിലേക്കുള്ള പ്രവേശനവും തുടർപഠനവും തികച്ചും സൗജന്യമായിരിക്കും. അപേക്ഷകർ നഗരസഭാപരിധിയിലെ സ്ഥിരതാമസക്കാരും 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. കുടുംബശ്രീ അംഗങ്ങൾ അല്ലാത്തവർക്കും അപേക്ഷിക്കാം. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ അംഗങ്ങളായിരിക്കണം അപേക്ഷകർ. എട്ടാം ക്ലാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. ജോലിസാദ്ധ്യതയുള്ളതുംകോഴ്‌സ് കഴിഞ്ഞാൽ ഉടൻ തന്നെ ജോലി ഉറപ്പാക്കുന്നതുമായ കോഴ്‌സുകളാണ് രണ്ടും.. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2000 രൂപ ടിഎ യും അതിന് ശേഷം 3 മാസം ശമ്പളത്തോട് കൂടി ജോലി പൂർത്തിയാക്കിയാൽ 3000 രൂപ ധനസഹായവും ലഭിക്കും. വിവിധ കമ്പനികളിൽ ഉറപ്പായ പ്ലേസ്‌മെന്റ് സപ്പോർട്ടും ഉണ്ടായിരിക്കുന്നതാണ്. മങ്ങാട്ടുകവലയിലുള്ള ട്രോണിക്‌സ് ഐ.ടി.ഐ ഈ കോഴ്‌സ് നടത്തുന്നത്. താല്പര്യമുള്ളവർ നവംബർ 30 നുള്ളിൽ നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ എൻ.യു.എൽ.എം. വിഭാഗവുമായി ബന്ധപ്പെടുക.
ഫോൺ: 8137925567, 8547931803.