വിമതർ കൂടുതൽ യു.ഡി.എഫിൽ
തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞപ്പോൾ ജില്ലയിൽ പലയിടത്തും പിൻവലിയാതെ വിമത സ്ഥാനാർത്ഥികൾ. യു.ഡി.എഫിലാണ് വിമതശല്യം കൂടുതൽ. തൊടുപുഴ നഗരസഭയിൽ മൂന്ന് വാർഡുകളിൽ കോൺഗ്രസിന് വിമതരുണ്ട്. 26-ാം വാർഡിലെ അറയ്ക്കപാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ജെയ്സൺ ജോർജിനെതിരെ കോൺഗ്രസിലെ തന്നെ രണ്ട് പേരാണ് പത്രിക നൽകിയിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സുരേഷ് രാജ്, വൈസ് പ്രസിഡന്റ് മൈക്കിൾ കെ. വർഗീസ് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ പാർട്ടി നേതൃത്വം ചർച്ച നടത്തിയിട്ടും ഇവർ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറായില്ല. ഇതുകൂടാതെ അഞ്ചും 19ഉം വാർഡുകളായ മുനിസിപ്പൽ സ്കൂളിലും കീരികോടും കോൺഗ്രസിന് ഓരോ വിമതന്മാർ മത്സരരംഗത്തുണ്ട്. അഞ്ചിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സീനത്ത് ബീവിയാണ് മത്സരിക്കുന്നത്. 19ൽ സജീല ഹാരിസിനെതിരെ നിസ സക്കീറാണ് വിമത. അതേസമയം കേരളകോൺഗ്രസുമായി സീറ്റ് വിഭജന തർക്കം നിലനിന്നിരുന്ന കാരൂപ്പാറ വാർഡിൽ കോൺഗ്രസ് വിമതൻ പത്രിക പിൻവലിച്ചത് യു.ഡി.എഫിന് ആശ്വാസമായി.
ബി.ഡി.ജെ.എസ് സീറ്റിൽ ബി.ജെ.പി
തൊടുപുഴ നഗരസഭയിലെ മൂന്നാം വാർഡായ വേങ്ങത്താനത്ത് ബി.ഡി.ജെ.എസും ബി.ജെ.പിയും പരസ്പരം ഏറ്റുമുട്ടുന്നു. മൂന്നിലും ഒമ്പതിലും ഇരുകൂട്ടരും പത്രിക നൽകിയിരുന്നു. ഇന്നലെ എൻ.ഡി.എ ധാരണപ്രകാരം ഒമ്പതിൽ ബി.ഡി.ജെ.എസ് പത്രിക പിൻവലിച്ചു. കഴിഞ്ഞ തവണ തങ്ങൾ മത്സരിച്ചിരുന്ന സീറ്റാണ് മൂന്നെന്നും അത് വിട്ടുനൽകണമെന്നുമായിരുന്നു ബി.ഡി.ജെ.എസിന്റെ അവകാശവാദം. എന്നാൽ മൂന്നിൽ പത്രിക പിൻവലിക്കാൻ ബി.ജെ.പി തയ്യാറായില്ല. പ്രമോദാണ് ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി. പ്രദീപ്‌കുമാറാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത്.
എൽ.ഡി.എഫിലും വിമതർ
പൊതുവെ വിമതശല്യം കുറവുള്ള എൽ.ഡി.എഫിലും ചിലയിടങ്ങളിൽ പരസ്പര പോരാട്ടം. ആലക്കോട് പഞ്ചായത്തിൽ സി.പി.എമ്മും സി.പി.ഐയും അഞ്ചിടങ്ങളിലാണ് നേർക്കുനേർ മത്സരിക്കുന്നത്. സി.പി.ഐ കഴിഞ്ഞ തവണ നാല്, ഏഴ്, 10 വാഡുകളിലാണ് മത്സരിച്ചത്. ഇതിൽ നാലിലും ഏഴിലും വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ പത്തിന് പകരം 11-ാം വാർഡ് വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ മത്സരിക്കുന്ന ഈ സീറ്റ് വിട്ടുനൽകാൻ സി.പി.എം തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് മൂന്ന്, നാല്, ഏഴ്, 10, 11 വാർഡുകളിൽ സി.പി.ഐ പത്രിക നൽകുകയായിരുന്നു. ഇതിൽ മൂന്നാം വാർഡും സി.പി.എം മത്സരിക്കുന്ന സീറ്റാണ്. തുടർന്ന് ഇതിനെതിരെ സി.പി.എം നാല്, ഏഴ്, 10 വാർഡുകളിൽ പത്രിക നൽകി.
വണ്ണപ്പുറം പഞ്ചായത്ത് 13-ാം വാർഡിൽ മുൻ പഞ്ചായത്ത് മെമ്പർ സി.പി.എം വിമതനായി മത്സര രംഗത്തുണ്ട്. 2010ൽ ഇവിടെ നിന്നും വിജയിച്ച ജേക്കബ് ജോണാണ് സി.പി.എം സ്ഥാനാർത്ഥി ജോണി ജോസഫിനെതിരെ മൽസരിക്കുന്നത്.