തൊടുപുഴ: കെ.പി.സി.സി അംഗീകരിച്ച ഔദ്യോഗിക സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുന്ന അവസാന ദിവസം ചിഹ്നം ലഭിക്കാതെ വഴിയാധാരമായപ്പോൾ വിമതർ ഔദ്യോഗിക സ്ഥാനാർത്ഥികളായി. തൊടുപുഴ നഗരസഭയിലെ 21,​ 19 വാർഡുകളിൽ നിശ്ചയിച്ചിരുന്ന കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികളെയാണ് അവസാന നിമിഷം പാർട്ടി പാലംവലിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ നിഷാ സോമനെയായിരുന്നു കോളേജ് വാ‌ർഡായ 21ൽ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. 19-ാം വാർഡായ കീരികോട് നിസ ഷക്കീറിനെയുമാണ് പാർട്ടി തീരുമാനിച്ചിരുന്നത്. ഇരുവരെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാർ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന് കത്ത് നൽകിയിരുന്നു. എന്നാൽ പത്രിക പിൻവലിക്കുന്ന അവസാന ദിവസമായ ഇന്നലെ കൈപ്പത്തി ചിഹ്നം ഇവർക്ക് നൽകുന്നതിന് പകരം മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കാണ് ഡി.സി.സി പ്രസിഡന്റ് നൽകിയത്. പാർട്ടി ചിഹ്നം ലഭിക്കാത്തിനെ തുടർന്ന് നിഷ പത്രിക പിൻവലിച്ചു. കെ.പി.സി അംഗീകരിച്ചിട്ടും എന്തുകൊണ്ടാണ് തന്നെ തള്ളിയതെന്ന് ചോദിച്ചപ്പോൾ ഡീൻ കുര്യാക്കോസ് എം.പിക്ക് താത്പര്യമുള്ളയാളെ സ്ഥാനാർത്ഥിയാക്കിയെന്നാണ് ഡി.സി.സി പ്രസിഡന്റ് പറഞ്ഞതെന്ന് നിഷ പറഞ്ഞു. എന്നാൽ 19-ാം വാർഡിൽ നിസ സക്കീർ വിമതയായി മത്സരരംഗത്തുണ്ട്.