തൊടുപുഴ: കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒട്ടേറെ സ്ഥാനാർഥികളുടെ തലവര മാറ്റി മറിച്ചത് അപരൻമാർ ആയിരുന്നു. സാമ്യമുള്ള പേരുള്ളവരെ സ്ഥാനാർത്ഥി പട്ടികയിൽ എത്തിച്ച് വോട്ട് വഴി മാറ്റുന്ന പഴയ തന്ത്രങ്ങൾ ഇക്കുറിയും സജീവമാണ്. അപര സാന്നിദ്ധ്യത്തിൽ ഭരണം വരെ നഷ്ടമായ പഞ്ചായത്തുകളുണ്ട്. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വാർഡുകളിലാണ് അപരൻമാർ സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. വോട്ടർപട്ടിക നോക്കിയാണ് രാഷ്ട്രീയ പാർട്ടികൾ ഒരേ പേരുള്ള ആൾക്കാരെ തപ്പി എടുക്കുന്നത്. സൂക്ഷ്മപരിശോധന ദിവസം മാത്രമേ അപരനെ കുറിച്ച് സ്ഥാനാർത്ഥിക്ക് വിവരം ലഭിക്കൂ. പത്രിക പിൻവലിക്കാൻ പ്രലോഭനം മുതൽ ഭീഷണി വരെ മുൻകൂട്ടി കണ്ട് മുങ്ങുന്ന അപരൻ പിന്നെ പൊങ്ങുന്നത് പിൻവലിക്കൽ ദിവസം കഴിഞ്ഞായിരിക്കും. വാർഡുകളിലെ രാഷ്ട്രീയ സ്ഥിതി കണക്കാക്കി പതിനായിരം മുതൽ ലക്ഷങ്ങൾ വരെ അപരന് വിലയുണ്ട്.