തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ മുന്നണികൾക്ക് വെല്ലുവിളിയായി സ്വതന്ത്ര സ്ഥാനാർത്ഥികൾ.മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചാക്കോയുടെ നേതൃത്വത്തിൽ അഞ്ച് വാർഡുകളിലാണ് ജനകീയ ജനപക്ഷമെന്ന പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്. ഒന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 10 വാർഡുകളിലാണ് ഇവർ പ്രധാനമായും മത്സരിക്കുന്നത്. കുടയാണ് ചിഹ്നം. 11, 13 വാർഡുകളിലും ഇവരുടെ പിന്തുണയുള്ള സ്വതന്ത്രരുണ്ട്. വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ടവരാണ് ജനകീയ ജനപക്ഷത്തിലുള്ളത്. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരായ തിരുത്തൽ ശക്തിയാണ് തങ്ങളെന്ന് ജെയിംസ് ചാക്കോ പറഞ്ഞു. കോൺഗ്രസുകാരനായിരുന്ന ജെയിംസ് കഴിഞ്ഞ തവണ വിമതനായി മത്സരിച്ച് ജയിച്ചതാണ്. അതിന് മുമ്പ് ജെയിംസ് കോൺഗ്രസ് സ്ഥാനാർത്ഥിയായപ്പോൾ വിമതനായി നിന്ന കെ.ജി. സിന്ധുകുമാറാണ് ഇത്തവണ ജെയിംസിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇടുക്കി ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനിയുടെ ബന്ധു കൂടിയാണ് ജെയിംസ് ചാക്കോ. എന്നാൽ സ്വതന്ത്രരെ പിൻവലിക്കണമെന്ന ടോമിയുടെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ജെയിംസ് മത്സരിക്കുന്നത്. ഭരണതുടർച്ച ലക്ഷ്യമിടുന്ന യു.ഡി.എഫിന് ഈ സ്വതന്ത്രർ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.