തൊടുപുഴ: തുല്യ നീതി തുല്യ പെൻഷൻ എന്ന ആവശ്യവുമുന്നയിക്കുന്ന വൺ ഇന്ത്യ വൻ പെഷൻ (ഒ.ഐ.ഒ.പി) പ്രസ്ഥാനത്തിന്റെ പിന്തുണയോടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 57 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.​ ജില്ലാ പഞ്ചായത്തിൽ ദേവികുളം ഡിവിഷനിലും തൊടുപുഴ,​ ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ട് വീതം സ്ഥാനാർത്ഥികളും മത്സരിക്കും. ബാക്കിയുള്ളവർ വിവിധ ഗ്രാമപഞ്ചായത്തുകളിലും മത്സരിക്കും. തൊടുപുഴ നിയോജകമണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളിലാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ളത്- 34. സ്ഥാനാർത്ഥികളില്ലാത്ത മറ്റിടങ്ങളിൽ മനസാക്ഷി വോട്ട് ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിൻസെന്റ് വള്ളിയിൽ,​ ജില്ലാ സെക്രട്ടറി ജോൺ പി.എ,​ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ് പോൾ,​ സെക്രട്ടറി ജോസഫ് തോമസ്,​ സംസ്ഥാന കമ്മിറ്റി അംഗം സജി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.