തൊടുപുഴ: കുറച്ച് വർഷങ്ങളായി ഇടവെട്ടി പഞ്ചായത്തിലെ നാലാം വാ‌‌ർഡും രണ്ടാം വാ‌ഡും മാറി മാറി ഭരിക്കുന്നത് ഈ ദമ്പതികളാണ്, ലത്തീഫ് മുഹമ്മദും ജസീലയും. പത്ത് വർഷമായി പഞ്ചായത്ത് ഭരണം ഇവർക്ക് വീട്ടുകാര്യമാണ്. ഇത്തവണ ലത്തീഫ് നാലാം വാർഡായ ഗാന്ധി നഗറിലെയും ജസീല തൊണ്ടിക്കുഴിയിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. കഴിഞ്ഞ തവണ ലത്തീഫ് വാർഡ് രണ്ടിലും ജെസീല ഗാന്ധി നഗറിലും മത്സരിച്ച് വിജയിച്ചിരുന്നു. ഇരുവരും പഞ്ചായത്ത് പ്രസിഡന്റ് പദവിയിലും എത്തിയിട്ടുണ്ട്. ലത്തീഫ് അഞ്ചാം തവണയും ജസീല മൂന്നാം തവണയുമാണ് ഇടവെട്ടി പഞ്ചായത്തിൽ നിന്ന് ജനവിധി തേടുന്നത്. എല്ലാ തവണയും ജനപിന്തുണയും ഇവർക്കൊപ്പമായിരുന്നു. വോട്ടർമാർക്ക് തങ്ങളിലുള്ള വിശ്വാസമാണ് തുടർച്ചയായ വിജയത്തിന് പിന്നിലെന്ന് ഇരുവരും പറയുന്നു. 21 വർഷം മുമ്പ് ഇരുവരും മിശ്രവിവാഹിതരായതാണ്. വിദ്യാർത്ഥികളായ സലൂജ, സഫൽ, സൈനൽ എന്നിവരാണ് മക്കൾ.