തൊടുപുഴ: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി. ഓരോ തദ്ദേശസ്ഥാപനങ്ങളിലും മത്സരരംഗത്തുള്ള പ്രമുഖരെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്. ആദ്യമായി തൊടുപുഴ നഗരസഭ.

ഒന്നാം വാ‌ർഡ് (വെങ്ങല്ലൂർ)

യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വെങ്ങല്ലൂരിൽ ഇത്തവണ വനിതാ പട്ടികജാതി സംവരണ വാർഡാണ്. പുതുമുഖങ്ങളായ വനിതകൾ തമ്മിലാണ് പോരാട്ടം. ആശ വർക്കറായ രാജി അജേഷാണ് യു.ഡി.എഫ് സ്വതന്ത്രയായി ഇവിടെ മത്സരിക്കുന്നത്. ശംഖാണ് ചിഹ്നം. അജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. വി.വി. നിഷയാണ് എൽ.ഡി.എഫ് സ്വതന്ത്ര. കാപ്പ് എൻ.എസ്.എസ് എൽ.പി സ്‌കൂൾ ജീവനക്കാരിയാണ്. ഭർത്താവ് സജീഷ് ചുമട്ടു തൊഴിലാളിയാണ്. താത്കാലിക അധ്യാപികയായിരുന്ന സൗമ്യ അജിത്താണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.

രണ്ടാം വാർഡ് (ഗുരു ഐ.ടി.സി)

സഹോദരന്മാരുടെ മക്കളുടെ ഭാര്യമാരായ സജ്മിയും സിനിയും മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ വാ‌ർഡാണ് ഗുരു ഐ.ടി.സി. നിലവിലെ വാർഡ് കൗൺസിലർ കെ.കെ. ഷിംനാസിന്റെ ഭാര്യ സജ്മിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. അരിവാൾ ചുറ്റിക നക്ഷത്രമാണ് ചിഹ്നം. സിനി ഷാജിയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി. ചിഹ്നം മൊബൈൽ ഫോണാണ്. മഹിള മോർച്ച തൊടുപുഴ മുനിസിപ്പൽ ജനറൽ സെക്രട്ടറിയായ എൻ.കെ മിനിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. താമര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വീട്ടമ്മമാരായ മൂവരും ആദ്യമായാണ് മത്സര രംഗത്തിറങ്ങുന്നത്.

വാർഡ് മൂന്ന് (വേങ്ങത്താനം)

ചതുഷ്കോണ മത്സരം നടക്കുന്ന വാർഡാണ് മൂന്നാം വാർഡായ വേങ്ങത്താനം. എൽ.ഡി.എഫ് സിറ്റിംഗ് സീറ്റായ ഇവിടെ സി.പി.എം വെങ്ങല്ലൂർ പ്ലാവിൻചുവട് ബ്രാഞ്ച് സെക്രട്ടറി പി.എ. ഗോപാലകൃഷ്ണനാണ് എൽ.ഡി.എഫ് സ്വതന്ത്രൻ. 2000- 2005 കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുടയാണ് ചിഹ്നം. രണ്ടു തവണ തൊടുപുഴ നഗരസഭ കൗൺസിലംഗമായ കെ. ദീപക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. 17 വർഷമായി തൊടുപുഴ ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായ ദീപക് 2005- 2010ൽ വേങ്ങത്താനം വാർഡിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 2010- 2015ൽ നാലാം വാർഡിൽ നിന്ന് വിജയിച്ചു. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ക്ഷേത്രപൂജാരിയായ പ്രമോദ് എച്ച്. ഉണ്ണി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി ഇവിടെ നിന്ന് ജനവിധി തേടുന്നുണ്ട്. കന്നിയങ്കമാണ്. പൈനാപ്പിളാണ് ചിഹ്നം. എൻ.ഡി.എയിലെ തർക്കത്തെ തുടർന്ന് ബിജെ.പിയും മത്സരരംഗത്തുണ്ട്. താമര ചിഹ്നത്തിൽ പ്രദീപ് കുമാറാണ് മത്സരിക്കുന്നത്.