ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജിയുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവർത്തിക്കുക.ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ ജെയ്‌മോൻ കെ ജെ,താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് ജോർജ്ജുകുട്ടി, ക്ലർക്ക് അലീൻ ടെൻസിംഗ് എന്നിവരും ജില്ലാതല സ്‌ക്വാഡിൽ ഉൾപ്പെടുന്നു.
ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡിന് പുറമേ താലൂക്ക്തല സ്‌ക്വാഡുകളും രൂപീകരിച്ചു. ഷാജി. എസ്, സുനിൽകുമാർ ഡി, കിഷോർ ജ്യോതി (ദേവികുളം), പ്രസാദ് പി വി, ജോയ്‌സ് ജോസഫ്, സജീവ് എം (ഉടുമ്പൻചോല), മണിക്കുട്ടൻ റ്റി.റ്റി, മണിലാൽ ജി, ജോബി തോമസ് (ഇടുക്കി), രമേശ് എം, ബിജു കെ.റ്റി, ബിലേഷ് എംജി (പീരമേട്), റെനി ജോസ്, നിസാർ പി. എച്ച്, അജിത് ശങ്കർ (തൊടുപുഴ) എന്നിവർക്കാണ് നേതൃത്വം.
സ്‌ക്വാഡുകളിലുൾപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നു.അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, എ ഡി എം ആന്റണി സ്‌കറിയ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സാജൻ വി കുര്യാക്കോസ്, ജില്ലാ, താലൂക്ക്തല സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചുമതലകൾ
സ്‌ക്വാഡുകളുടെ പ്രവർത്തനം:നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, മീറ്റിംഗുകൾ, മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങൾ മഖേനയുള്ള പ്രചാരണപരിപാടികൾ എന്നിവയുടെ നിയമസാധുത പരിശോധിക്കുക.പ്ലാസ്റ്റിക്, ഫ്‌ലക്‌സ് മുതലായവയുടെ ഉപയോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നണ്ടോ എന്ന് ഉറപ്പാക്കുക. നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ ഉടൻതന്നെ നിർത്തി വയ്പിക്കേണ്ടതും ഇത്തരത്തിലുള്ള പോസ്റ്ററുകളോ ബോർഡുകളോ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.