തൊടുപുഴ: ജില്ലയിലെ ഹരിത ഓഫീസുകളെ കണ്ടെത്തി അവാർഡ് നൽകുന്നു.സംസ്ഥാനത്തൊട്ടാകെയുള്ള പതിനായിരം ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഹരിത നിയമ പാലനത്തിൽ സർക്കാർ ഓഫീസുകളിലെല്ലാം ഗ്രീൻ ഓഡിറ്റിംഗ് നടത്തുന്നത്. 2017ൽ പൊതു ഓഫീസുകൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് പുറത്തിറക്കിയ ഗ്രീൻപ്രോട്ടോക്കോൾ ഉത്തരവിന്റെ അന്തിമ വിളവെടുപ്പാണ് ഹരിത ഓഡിറ്റിംഗിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഹരിത ഓഡിറ്റിംഗ് ടീമുകൾ ജില്ലകളിൽ രൂപീകരിക്കും. അവാർഡ് നിർണ്ണയ മാർഗ്ഗരേഖയനുസരിച്ച് സംസ്ഥാനതലം മുതൽ തദ്ദേശഭരണ സ്ഥാന തലം വരെയുള്ള എല്ലാ സർക്കാർ ഓഫിസുകളിലെയും ഗ്രീൻപ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ചവയ്ക്ക് എ,ബി,സി ഗ്രേഡുകളും ഹരിതസാക്ഷ്യപത്രവും ഏറ്റവും അനുകരണീയ മാതൃകകൾക്ക് അവാർഡുകളുമാണ് നൽകുന്നത്. ഹരിതകേരളവും ശുചിത്വ മിഷനും സംയുക്തമായാകും ഹരിത ഓഡിറ്റിംഗ് നിർവഹിക്കുക.

ആകെ 100 മാർക്കിന്റെ പരീക്ഷ
സർക്കാർ ഓഫീസുകൾക്കായി ഓഡിറ്റിംഗ് ടീം നടത്തുന്ന 'പരീക്ഷ'യുടെ ആകെ മാർക്ക് 100 ആണ്. പരിശോധനയിൽ 90-100 മാർക്ക് നേടുന്ന ഓഫീസുകൾക്ക് എ ഗ്രേഡ് ലഭിക്കും. 80-89 വരെ മാർക്ക് നേടുന്നവയ്ക്ക് ബിയും 70-79 മാർക്ക് ലഭിക്കുന്നവയ്ക്ക് സി ഗ്രേഡും ലഭിക്കും. 70ൽ താഴെ മാർക്ക് ലഭിച്ചാൽ തോൽക്കും മാത്രമല്ല, ഗ്രേഡും കിട്ടില്ല. എന്നാൽ പിന്നീട് 'പാസ്സാകാൻ' ആവശ്യമായ ക്രമീകരണങ്ങളൊരുക്കാൻ ഒരു മാസത്തെ സമയം 'ഗ്രേസ് പീരീയഡ്'അനുവദിക്കും. അവാർഡ് നിർണ്ണയം, ഗ്രേഡിംഗ് എന്നിവയിൽ ആക്ഷേപം ഉണ്ടാകുന്ന പക്ഷം ജില്ലാകളക്ടർമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് അവ പരിഹരിക്കുന്നതിനും ക്രമീകരണമുണ്ട്.ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന മൂന്ന് ഓഫീസുകളെ തിരഞ്ഞെടുത്താണ് അവാർഡ് നൽകുക.

ഹരിത ഓഡിറ്റിംഗ്

ഇങ്ങനെ....

ഗ്രീൻ പ്രോട്ടോക്കോൾ പാലനത്തിന് നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുള്ള ഓഫീസുകൾക്ക് രണ്ട് മാർക്ക് ലഭിക്കും.പേപ്പറിലും പ്ലാസ്റ്റിക്കുകളിലും തെർമോകോളിലും നിർമ്മിതമായ എല്ലാത്തരം ഡിസ്‌പോസിബിളുകളുടെയും നിരോധനം പൂർണ്ണമായും നടപ്പാക്കിയ ഓഫീസുകൾക്ക് 15 മാർക്ക് ഉറപ്പാക്കാം. കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളിൽ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം, സ്ഥിരം ഉപയോഗത്തിനായി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ ആവശ്യത്തിന് വാങ്ങി സൂക്ഷിക്കൽ, ജൈവ അജൈവ മാലിന്യ സംസ്‌കരണത്തിന് സംവിധാനം എന്നിവയ്ക്ക് 10 മാർക്ക് വീതമുണ്ട്. അജൈവ വസ്തുക്കൾ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ക്രമീകരണം ഏർപ്പെടുത്തൽ , ഇ വേസ്റ്റുകൾ, ഉപയോഗ ശൂന്യ ഫർണ്ണിച്ചറുകൾ എന്നിവ നീക്കം ചെയ്യൽ, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയ്ക്കുമുണ്ട് 10 മാർക്ക് വീതം.ജൈവഅജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിന് പ്രത്യേകം ബിന്നുകൾ ഒരുക്കിയിട്ടുണ്ടെങ്കിൽ എട്ട് മാർക്ക് കിട്ടും. പുരുഷ സ്ത്രീ ജീവനക്കാർക്കും അംഗപരിമിതർക്കും പ്രത്യേക ശുചിമുറി സംവിധാനം എന്നിവയ്‌ക്കെല്ലാം മാർക്ക് ലഭിക്കും. ഓഫീസിൽ രൂപെപ്പടുന്ന ജൈവമാലിന്യം വളമാക്കി മാറ്റി ഫല്രപദമായി അത് ഉപേയാഗപ്പെടുത്തി ജൈവ പച്ചക്കറി/പൂന്തോട്ടം എന്നിവ നിർമ്മിക്കുന്നതുമൊക്കെ കൂടുതൽ മാർക്ക് ലഭിക്കുന്ന സംഗതികളാണ്. കൂടാതെ പുറമെ നിന്ന് നോക്കുമ്പോഴുള്ള ആകെ ശുചിത്വം, ഹരിത ഓഫീസ് സംബന്ധിച്ച നിർദ്ദേശക / സൂചക ബോർഡുകൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുള്ളതും മാർക്കിനായി പരിഗണിക്കും.