school


ചെറുതോണി: ജില്ലാ പഞ്ചായത്ത് പതിനഞ്ച്കോടി അനുവദിച്ചിട്ടും മണിയാറൻകുടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടത്തിന് സംരക്ഷണഭിത്തിയായില്ല.
സ്‌കൂൾ കെട്ടിടത്തിനുസമീപത്തുകൂടിയൊഴുകുന്ന തോട് കരിങ്കല്ലിന് കെട്ടി സംരക്ഷണമൊരുക്കാനാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മലവെള്ളപ്പാച്ചിലിൽ കുത്തിയൊഴുകിയെത്തിയ മണ്ണുംചെളിയും സ്‌കൂൾ കെട്ടിടത്തിൽ തങ്ങിനിൽക്കുകയായിരുന്നു. ഒഴുകിയെത്തിയ മലവെള്ളവും ചെളിയും ജനലുകളിലൂടെ ക്ലാസ് മുറിക്കുള്ളിൽ നിറഞ്ഞു. ഇതേത്തുടർന്ന് അപകടനിലയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപണിക്ക് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചാണ് മണ്ണ് നീക്കി സ്‌കൂൾ സുരക്ഷിതമാക്കിയത്. മലവെള്ളം ഒഴുകിവരുന്ന തോടിന്റെ അരിക്‌കെട്ടി സ്‌കൂൾ കെട്ടിടം സുക്ഷിതമാക്കാൻ ജില്ലാപഞ്ചായത്ത് 15ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ ഇ -ടെണ്ടർ വിളിക്കാതെ സ്‌കൂളിന്റെ പേരിൽ ജനകീയകമ്മിറ്റിവഴി കരാർജോലി പൂർത്തിയാക്കാനാണ് തുക അനുവദിച്ചിരുന്നത്. ഇതിന് സ്‌കൂൾ പ്രിൻസിപ്പൽ കരാറിൽ ഒപ്പുവക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ടെണ്ടർ വിളിക്കാതെയുള്ള ഫണ്ടുപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് പ്രിൻസിപ്പൽ തയ്യാറായില്ല. സ്‌കൂളിന്റെ സംരക്ഷണഭിത്തിക്കനുവദിച്ച ഫണ്ട് പണിനടത്താതെ നഷ്ടപ്പെടുന്ന അവസ്ഥയിലായിരിക്കയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

റോഡിന് കൂടി അനുമതി

തോട് കെട്ടിസ്‌കൂൾ കെട്ടിടം സംരക്ഷിക്കുന്നതോടൊപ്പം കരിങ്കൽ കെട്ടിനുമുകളിൽ കോൺക്രീറ്റ് സ്ലാബിട്ട് പ്രദേശവാസികൾക്ക് റോഡ് നിർമ്മിക്കാനും ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പലിനെ ചില തത്പരകക്ഷികൾ തെറ്റിദ്ധരിപ്പിച്ചാണ് കരാറിൽ ഒപ്പിടുന്നതിൽ നിന്നും വിലക്കിയിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.