നെടുങ്കണ്ടം: സ്ഥലം പാട്ടത്തിനെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് സ്ഥല ഉടമയെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. നെടുങ്കണ്ടം അമ്മളിയമ്മാം കാനം കട്ടകയത്തിൽ എബിൻ ജോസഫി(27)നാണ് പരിക്കേറ്റത്.
വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചതിന് സ്ഥലം പാട്ടത്തിനെടുത്തിരുന്ന പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ പത്ത് മണിയോടെ സംഭവം. ചെവിയ്ക്ക് മുകളിൽ ആഴത്തിൽ
വെട്ടേറ്റ എബിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാല് വർഷം മുമ്പാണ് കട്ടക്കയം ജോസഫ്, ഭാര്യ ലൈസാമ്മ എന്നിവരുടെ പേരിലുള്ള ഒന്നരയേക്കറോളം വരുന്ന സ്ഥലം കരാർ പ്രകാരം നെടുങ്കണ്ടം കല്ലോലിക്കൽ പ്രഭാകരന്
വിളവെടുക്കുന്നതിനും തുടർ കൃഷി നടത്തുന്നതിനും നൽകുന്നത്. പിന്നീട് സ്ഥലം വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് എബിനും പ്രഭാകരനും തമ്മിൽ തർക്കം ഉണ്ടായി. ഇതിനെ തുടർന്ന് സ്ഥലം വിട്ട് കിട്ടുന്നതിനായി എബിനും കുടുംബാംഗങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എബിന് അനുകൂലമായ കോടതി വിധി ലഭിച്ചതായി പറയുന്നു. ഇതിനെ തുടർന്ന് കരാർപ്രകാരം കൊടുത്ത സ്ഥലത്തെ ഏലത്തിന് മരുന്ന് അടിക്കാൻ എബിൻ ഗർഭിണിയായ ഭാര്യമൊത്ത് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രഭാകരനുമായി വീണ്ടും വാക്കുതർക്കം ഉണ്ടാകുന്നത്. തുടർന്ന് പ്രഭാകരൻ വാക്കത്തിയെടുത്ത് എബിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്കുമാറിന്റെ നേത്യത്വത്തിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഏലത്തോട്ടത്തിൽസൂക്ഷിച്ച് വെച്ച വെട്ടുകത്തി കണ്ടെടുത്തു. .