idukki

'ഇടുക്കിയല്ലാതെ കേരളത്തിലെ മറ്റ് ജില്ലകളിലും പട്ടയഭൂമി ഇല്ലേ...ഒരു ജില്ലയ്ക്ക് മാത്രമായി ഒരു നിർമാണ നിരോധന നിയമം നിലനിൽക്കുമോ..." ദിവസങ്ങൾക്ക് മുമ്പ് സുപ്രീകോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചതാണിത്. ഭൂ പതിവ് നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകൾ ഇടുക്കിയിൽ മാത്രം നടപ്പിലാക്കുന്നത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളികൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഒരു വർഷത്തോളമായി ഇടുക്കിയിലെ കർഷക ജനത ചോദിച്ച അതേ ചോദ്യം. 'എന്തുകൊണ്ടാണ് ഞങ്ങളോട് മാത്രം ഈ വിവേചനം. മറ്റ് ജില്ലക്കാർക്കുള്ള അവകാശം എന്താണ്ഇടുക്കിക്കാർക്കില്ലാത്തത്."

ഇടുക്കിയെ കുടുക്കിയത് ഇങ്ങനെ

മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും കൈയേറ്റങ്ങൾക്കെതിരെ 2010ൽ ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇടുക്കിയിലെ ഭൂവിനിയോഗം സംബന്ധിച്ച നിയമപ്രശ്‌നങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പാർപ്പിടാവശ്യത്തിനും കാർഷികാവശ്യത്തിനും മാത്രം ഭൂവിനിയോഗത്തിന് അനുമതി നൽകുന്ന പട്ടയം ഉപയോഗിച്ച് വാണിജ്യസ്ഥാപനങ്ങളുണ്ടാക്കുകയും മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കുമെന്ന് ഇടുക്കി കലക്ടർ 2016 ജൂൺ ഒമ്പതിന് സർക്കുലർ പുറപ്പെടുവിച്ചു. ഇതു കൂടാതെ 2019 സെപ്തംബർ 25ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പട്ടയത്തിൽ വ്യക്തമാക്കിയ ആവശ്യത്തിനു മാത്രമേ കെട്ടിട നിർമാണത്തിന് വില്ലേജ് ആഫീസർ അനുമതി നൽകാവൂ എന്നും അതിന്റെ അടിസ്ഥാനത്തിൽ നിർമാണ ഉദ്ദേശ്യം വ്യക്തമാക്കുന്ന സാക്ഷ്യപത്രം വില്ലേജ് ആഫീസർ നൽകണമെന്നും നിർദേശിച്ചു. ഇത് പിന്നീട് മൂന്നാർ ഉൾപ്പെടെയുള്ള എട്ട് വില്ലേജുകളിലെ നിർമാണ നിരോധനത്തിലേക്കെത്തി.

കോടതി കയറ്റം കഠിനം

എട്ട് വില്ലേജുകളിലും ഇടുക്കിയിലും മാത്രമായി ഭൂപതിവ് ചട്ടം ബാധകമാക്കി നിർമാണ നിരോധനം ഏർപ്പെടുത്തിയതിനെതിരെ ചില സ്വകാര്യ വ്യക്തികളും അതിജീവന പോരാട്ട വേദിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പട്ടയ വ്യവസ്ഥകളുടെ ലംഘനം തടയുന്നതിന് കേരളത്തിൽ മുഴുവൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായത്. അതിനു മുമ്പ് നിയമ ഭേദഗതി കൊണ്ടു വരുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഇത് അംഗീകരിച്ച് കോടതി നാല് മാസം സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയം കഴിഞ്ഞിട്ടും നിയമം ഭേദഗതിചെയ്യാതിരുന്നതോടെയാണു നിയമം കേരളം മുഴുവൻ നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടത്. ഇതിനു സർക്കാർ തയ്യാറാകാതെ വന്നതോടെ കഴിഞ്ഞ ജൂലായ് 29ന് കോടതി ഉത്തരവ് എല്ലാ റവന്യൂ ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്ത് നിയമം നടപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ആഗസ്റ്റ് 14ന് മുമ്പ് വിധി നടപ്പാക്കാതെ വന്നതോടെ ആദ്യം കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നു. തുടർന്ന് ഭൂപതിവ് നിയമം കേരളം മുഴുവൻ നടപ്പാക്കാനുള്ള സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ ആദ്യം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഇതോടെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടം അനുസരിച്ച് പാർപ്പിടാവശ്യത്തിനും കാർഷികാവശ്യത്തിനും മാത്രമേ പട്ടയ ഭൂമി ഉപയോഗിക്കാവൂ എന്ന നിയമം കേരളത്തിലെ എല്ലാ ജില്ലകൾക്കും ബാധകമാക്കി സുപ്രീംകോടതി ഉത്തരവിറക്കി. പട്ടയ ഭൂമിയിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമാണെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം അംഗീകരിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ നേരത്തെയുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്താകെ വ്യാപിപ്പിക്കേണ്ടി വരും. ഈ സാഹചര്യമൊഴിവാക്കാൻ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള പോംവഴി.

രാഷ്ട്രീയ പോരാട്ടവും

ഏറെ നാളായി ഇടുക്കിയിലെ രാഷ്ട്രീയ വിഷയം കൂടിയാണ് ഈ ഭൂവിനിയോഗ ഉത്തരവും കോടതി വ്യവഹാരങ്ങളും. ഭൂവിനിയോഗ ഉത്തരവിനെതിരെയുള്ള സമര പോരാട്ടങ്ങളിലായിരുന്നു ഒരു വർഷത്തിലേറെയായി യു.ഡി.എഫ്. അതിനാൽത്തന്നെ വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന ചർച്ചാ വിഷയമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഭൂമിപ്രശ്‌നത്തിൽ സർക്കാരിന്റെ വീഴ്ചയ്‌ക്കെതിരേ രണ്ടും കൽപ്പിച്ചുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞു യു.ഡി.എഫ്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ വാർത്താസമ്മേളനത്തിനിടയിൽ പുതിയ ഉത്തരവിനെക്കുറിച്ചറിഞ്ഞ പി.ജെ.ജോസഫ് ലഡു വിതരണം നടത്തിയതും സർക്കാരിനെതിരേയുള്ള ഈ അവസരം മുൻപിൽ കണ്ടിട്ടാണ്. മുമ്പ് തങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതിരുന്ന സർക്കാരിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് യു.ഡി.എഫ്. പറയുന്നു. എന്നാൽ ഭൂവിഷയം സങ്കീർണമാക്കിയത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും ഇടുക്കിക്കെതിരെ കോടതിയെ സമീപിച്ചത് കോൺഗ്രസ് നേതാക്കളാണെന്നുമാണ് എൽ.ഡി.എഫിന്റെ വാദം. അമ്പതിനായിരത്തിലേറെ പട്ടയങ്ങൾ നൽകിയതിന്റെ ക്രെഡിറ്റ് മുമ്പോട്ടുവെച്ച് പ്രതിരോധം തീർക്കാനും ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്.