ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടമലക്കുടി ഉൾപ്പെയുള്ള വിദൂരഗ്രാമങ്ങളിൽ നിന്നുള്ള പോളിംഗ് വിവരങ്ങൾ യഥാസമയം പുറംലോകത്തെത്തുക ഹാം റേഡിയോയുടെ സഹായത്തോടെയാകും. 2010മുതൽ ഇടമലക്കുടിയിൽ നിന്നുള്ള തെരഞ്ഞെടുപ്പു വാർത്തകൾ യഥാ സമയം അറിയുന്നത് ഹാം റേഡിയോ സൗകര്യം ഉപയോഗിച്ചാണ്. ഇതിന്റെ ഭാഗമായി ഇടമലക്കുടിയിലും രാജമലയിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. വിവരകൈമാറ്റത്തിനായി പെട്ടിമുടിക്ക് സമീപം പുല്ലുമേട്ടിൽ വയർലെസ് റിപ്പീറ്റർ സ്ഥാപിക്കും. ഇതുവഴി ഇടുക്കി കളക്ടറേറ്റ്, ദേവികുളം താലൂക്ക് ആഫീസ്, ദേവികുളം സബ് കളക്ടറുടെ വാഹനം, മൂന്നാറിലെ തിരഞ്ഞെടുപ്പ് ആഫീസ് എന്നിവിടങ്ങളിൽ പോളിംഗ് വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാകും. വയർലെസ് സംവിധാനത്തിലൂടെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഇടമലക്കുടിയിലുള്ള പോളിംഗ് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനുമാകും. 30 പേർ വരുന്ന ഹാം റേഡിയോ ടീമാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കഴിഞ്ഞ ആഗസ്റ്റ് ആറിന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾ പുറംലോകത്തെ അറിയിക്കാനും ആദ്യം ഉപയോഗിച്ചത് ഹാം റേഡിയോ സംവിധാനമാണ്.
ഹാം റേഡിയോ എന്ത്?
മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്). ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണിഅന്തരീഷത്തിലേയ്ക്ക് റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത് കേൾപ്പിക്കുന്നു. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം അഥവ അമച്വർ റേഡിയോ എന്നു പറയുന്നത്.