തൊടുപുഴ: ഗാഡ്ഗിൽ- കസ്തൂരിരംഗൻ, പട്ടയം, കൈയേറ്റം തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു എക്കാലത്തും ഇടുക്കിയിലെ തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം. ഈ തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് മാറ്റമില്ല. ഇടുക്കിയിൽ മാത്രമായി ഇറക്കിയ ഭൂവിനിയോഗ ഉത്തരവാകും ഇത്തവണ ജനം ചർച്ച ചെയ്യുകയെന്ന് പ്രതിപക്ഷം പറയുമ്പോൾ അമ്പതിനായിരത്തിലേറെ പട്ടയങ്ങൾ നൽകിയതിന്റെ ക്രെഡിറ്റ് മുമ്പോട്ടുവെച്ച് പ്രതിരോധം തീർക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു.
ഭൂവിനിയോഗ ഉത്തരവിനെതിരെയുള്ള സമര പോരാട്ടങ്ങളിലായിരുന്നു ഒരു വർഷത്തിലേറെയായി യു.ഡി.എഫ്. ഭൂമിപ്രശ്‌നത്തിൽ സർക്കാരിന്റെ വീഴ്ചയ്‌ക്കെതിരെ അവർ രണ്ടും കൽപ്പിച്ചുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടയിൽ പി.ജെ. ജോസഫ് ലഡു വിതരണം നടത്തിയതും സർക്കാരിനെതിരയുള്ള നല്ല ആയുധമാണിതെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. ഇടുക്കിയോട് മാത്രം വിവേചനം കാട്ടിയ എൽ.ഡി.എഫ് സർക്കാർ ഈ തിരഞ്ഞെടുപ്പിൽ നിലംപരിശാകുമെന്നാണ് ജോസഫ് പറഞ്ഞത്. മുമ്പ് തങ്ങൾ പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതിരുന്ന സർക്കാരിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് കോൺഗ്രസും പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകഷി യോഗത്തിൽ 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നും നിലവിലെ നിർമ്മാണങ്ങൾ ക്രമവത്കരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് പറയുന്നു. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെയാണ് മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവുണ്ടാകുന്നത്. 1964 ലെ ഭൂമി പതിവ് ചട്ടം ലംഘിച്ച് പള്ളിവാസലിൽ നിർമ്മിച്ചിട്ടുളള കെട്ടിടങ്ങളുടെ പട്ടയം ജില്ലാ കളക്ടർ റദ്ദ് ചെയ്തത് യൂത്ത് കോൺഗ്രസ് നേതാവായ ബിജോ മാണിയുടെ പരാതിയിന്മേലാണ്. ഈ പട്ടയം റദ്ദ് ചെയ്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി കോടതിയെ സമീപിച്ചാണ് ജില്ലയിലെ കൃഷിക്കാർക്കാകെ എതിരായ വിധി നേടിയെടുത്തത്. എട്ട് വില്ലേജിൽ മാത്രമുണ്ടായിരുന്ന നിയന്ത്രണം കോടതി വിധിയിലൂടെ ജില്ല മുഴുവൻ വ്യാപകമാക്കിയതിനു ശേഷം സംസ്ഥാനത്താകെ വ്യാപിപ്പിക്കണമെന്ന ഉത്തരവ് വാങ്ങിയതും കോൺഗ്രസ് നേതാക്കളാണെന്നും എൽ.ഡി.എഫ് വാദിക്കുന്നു.
നിർമാണ നിരോധനം വന്നത് ഇങ്ങനെ
മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും കൈയേറ്റങ്ങൾക്കെതിരെ 2010ൽ ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇടുക്കിയിലെ ഭൂവിനിയോഗം സംബന്ധിച്ച നിയമ പ്രശ്‌നങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പാർപ്പിടാവശ്യത്തിനും കാർഷികാവശ്യത്തിനും മാത്രം ഭൂവിനിയോഗത്തിന് അനുമതി നൽകുന്ന പട്ടയം ഉപയോഗിച്ച് വാണിജ്യസ്ഥാപനങ്ങളുണ്ടാക്കുകയും മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ 2016 ജൂൺ ഒമ്പതിന് സർക്കുലർ പുറപ്പെടുവിച്ചു. ഇതു കൂടാതെ 2019 സെപ്തംബർ 25ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പട്ടയത്തിൽ വ്യക്തമാക്കിയ ആവശ്യത്തിനു മാത്രമേ കെട്ടിട നിർമാണത്തിന് അനുമതി നൽകാവൂവെന്നും അതിന്റെ അടിസ്ഥാനത്തിൽ നിർമാണ ഉദ്ദേശ്യം വ്യക്തമാക്കുന്ന സാക്ഷ്യപത്രം വില്ലേജ് ആഫീസർ നൽകണമെന്നും നിർദേശിച്ചു. ഇത് പിന്നീട് മൂന്നാർ ഉൾപ്പെടെയുള്ള എട്ട് വില്ലേജുകളിലെ നിർമാണ നിരോധനത്തിലേക്കെത്തി.