തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് കേരള പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വേജ് ബോർഡ് സംരക്ഷിക്കുക, കർഷകദ്രോഹ നിയമങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. മാദ്ധ്യമ മേഖലയിലെയടക്കം തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കെ.യു. ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് എം.എൻ.സുരേഷും സെക്രട്ടറി വിനോദ് കണ്ണോളിയും ആവശ്യപ്പെട്ടു.