തൊടുപുഴ: പെട്ടന്ന് ലക്ഷങ്ങൾ കൈവരും എന്ന മോഹന വാഗ്ദാനങ്ങൾ നൽകി നാട്ടുകാരെ കബളിപ്പിക്കുന്ന മണി ചെയിൻ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാർ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും പിടിമുറുക്കുന്നു.കോട്ടയം കൂത്താട്ടുകുളം പൊൻകുന്നം പ്രദേശങ്ങളിലുള്ളവരാണ് കൂടുതലായും ഇവിടെ എത്തുന്നത്. ചെയിൻ ശൃങ്കലയിൽ അംഗങ്ങളാകുന്നവർ അവർക്ക് കീഴിൽ മറ്റുള്ളവരെ ചേർക്കൽ,മണിഗ്രാം നിക്ഷേപം എന്നിങ്ങനെ അനേകം രീതികളിലാണ് തട്ടിപ്പ് സംഘം ജനങ്ങളെ സമീപിക്കുന്നത്. സാമ്പത്തികം ഉള്ളവർ ഇല്ലാത്തവർ, കർഷകർ, തൊഴിലാളികൾ,സർക്കാർ ജീവനക്കാർ,സർവീസിൽ നിന്ന് പെൻഷനായവർ, വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ തട്ടിപ്പ് സംഘത്തിന്റെ കെണിയിലായിട്ടുണ്ടെന്നാണ് വിവരം.പ്രദേശികമായിട്ടുള്ള ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി നിധികൾ,സർവീസിലുള്ളവരും പെൻഷനുമായ പൊലീസ് - സർക്കാർ ജീവനക്കാർ എന്നിങ്ങനെ സമൂഹത്തിൽ പേരും പ്രശ്‌സ്തിയുമുള്ള ആളുകളിലൂടെയാണ് സംഘം ആളുകളെ വലയിലാക്കുന്നതും.പേരും പ്രശ്‌സ്തിയുമുള്ള ആളുകളെ ഇതിൽ ആദ്യം അംഗങ്ങളാക്കും.പിന്നീട് രണ്ട് രീതിയിലാണ് ഇവർ പദ്ധതി വ്യാപിപ്പിക്കുന്നത്.സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പദ്ധതിയിൽ ചേർന്നിട്ടുണ്ട് എന്ന് തെളിവ് സഹിതം ജനത്തെ വിശ്വസിപ്പിച്ച് ഇതിൽ അംഗങ്ങളാക്കുന്നതാണ് ഒന്ന്. മറ്റൊന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രദേശികരായ പ്രശ്‌സ്തരെ പദ്ധതിയുടെ ഏജന്റാക്കി ഇവരിലൂടെ പ്രവർത്തനം വ്യാപിപ്പിക്കും.അംഗങ്ങളായി ചേരുന്നവരിൽ നിന്ന് 3000 ന് മുകളിലേക്കുള്ള തുക പലപ്പോഴായി കൈപ്പറ്റും.ചിലപ്പോൾ ഒറ്റ ഗഡുവായും തുക കൈക്കലാക്കും. ആദ്യം അംഗങ്ങളായി ചേരുന്നവർക്ക് പദ്ധതിയിൽ നിന്ന് അവർ പ്രാതീക്ഷിക്കുന്നതിലും കൂടുതൽ മെച്ചമായ അനുകൂല്യങ്ങൾ നൽകും.ഇതിലൂടെ മറ്റുള്ളവരുടെ വിശ്വാസം ആർജ്ജിക്കാൻ ഇവർക്ക് കഴിയും.പിന്നീട് അംഗങ്ങളായി ചേരുന്നവർ സംഘം ആവശ്യപ്പെടുന്ന തുകകൾ നൽകും.എന്നാൽ മാസങ്ങൾ കഴിഞ്ഞാലും പറഞ്ഞിരിക്കുന്ന രീതിയിൽ അനുകൂല്യം അംഗങ്ങൾക്ക് ലഭിക്കാതെ വരുമ്പോഴാണ് ജനം തട്ടിപ്പ് അറിയുന്നതും.പിന്നീട് പദ്ധതിയിൽ ചേർക്കാൻ വന്നവരെയോ ഇതിന്റെ ആളുകളെയോ സമീപിച്ചാൽ അവർ കയ്യൊഴിയും.ഒരു കുടുംബത്തിൽ തന്നെയുള്ള മുഴുവൻ ആളുകളെയും ചില സ്ഥലങ്ങളിൽ അംഗങ്ങളായി ചേർത്തിട്ടുണ്ട്.

പരാതി ഇല്ല.......

അനേകം ആളുകൾ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെങ്കിലും ആരും നിയമപരമായി പരാതി നൽകാൻ ശ്രമിക്കുന്നില്ല.ചിലർ മാനക്കേട് ഓർത്തും മറ്റ് ചിലർ പൊലീസ് ഉൾപ്പെടെയുള്ളവരാണ് ഇതിലുള്ളത് എന്നതിനാൽ പരാതിയുടെ പുറകെ പോയിട്ടും കാര്യമില്ല എന്നും കരുതുന്നവരുണ്ട്.ആരും പരാതി നൽകാതിരിക്കുന്നത് സംഘത്തിന് കൂടുതൽ ധൈര്യമാവുകയാണ്.ഉടുമ്പന്നൂർ പ്രദശത്തുള്ള വീട്ടമ്മ ഇത് സംബന്ധിച്ച് പരാതിയുമായി പഞ്ചായത്ത്‌ ഓഫീസിൽ എത്തിയപ്പോഴാണ് നാട്ടിലുള്ള പൊലീസുകാരൻ പദ്ധതിയുടെ ഏജന്റ് ആണെന്നുള്ള കാര്യം അറിഞ്ഞത്.തട്ടിപ്പാണെന്ന് അറിഞ്ഞിട്ടല്ല ഏവരും ഇതിന്റെ ഏജന്റ് ആകുന്നതും.തൊടുപുഴ താലൂക്കിലുള്ള അറ് പൊലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുമില്ല.