തൊടുപുഴ: മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ ഒറ്റുകാരെ തിരിച്ചറിഞ്ഞ് ഈ തിരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നൽകണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പിന്നാക്കക്കാരെ അവഗണിച്ച ഇടതു വലതു മുന്നണികളുടെ കപട മതേതര മുഖം അഴിഞ്ഞു വീണു. എന്നാൽ ബി.ഡി.ജെ.എസ് പാർട്ടിയുടെ ശക്തമായ ഇടപെടൽ മൂലം എൻ.ഡി.എയിൽ പിന്നാക്ക ജനവിഭാഗങ്ങൾക്ക് അർഹമായ സീറ്റുകൾ ലഭിച്ചു. മത്സരിക്കുന്ന 95ശതമാനം സീറ്റിൽ പിന്നാക്കക്കാരെ മത്സരിപ്പിക്കുന്ന കേരളത്തിലെ ഏക പാർട്ടിയും ബി.ഡി.ജെ.എസാണ്. മലയോര ജില്ലയായ ഇടുക്കിയിൽ 34 സീറ്റുകൾ നൽകി പിന്നാക്ക ജനവിഭാഗങ്ങളെ അധികാരകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് ശ്രമിച്ചതും ബി.ഡി.ജെ.എസാണ്. കോൺഗ്രസിന്റെ ത്രിതലപഞ്ചായത്ത് സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് പിന്നാക്കക്കാരെ വെട്ടിനിരത്തിയ നടപടി അത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.