ഇടുക്കി: സൈബർ ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലായെന്നും നിരന്തരം സ്ത്രീകൾ സൈബർ ആക്രമണത്തിന് വിധേയരാകുന്നുവെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. സ്ത്രീകൾ നേരിടുന്ന അപമാനത്തിൽ നിന്നും രക്ഷ നേടാൻ ശക്തമായ നിയമം ആവിഷ്‌കരിക്കേണ്ടത് വർത്തമാന കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ധ്യക്ഷ പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഏറെ നാളുകൾക്കു ശേഷം സംഘടിപ്പിച്ച മെഗാ അദാലത്തിനു ശേഷം നടത്തിയ വിലയിരുത്തലിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇടുക്കി ജില്ലയിൽ നിന്നു ലഭിച്ച പ്രധാനപ്പെട്ട രണ്ട് കേസുകളിൽ ഒന്ന് സൈബർ ആക്രമണം സംബന്ധിച്ച പരാതി ആയിരുന്നു. ഈ പരാതിയിൻമേൽ പോലീസ് ശരിയായ നടപടി സ്വീകരിച്ചില്ലെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു. അടുത്ത സിറ്റിംഗിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനും കമ്മീഷൻ തീരുമാനിച്ചു.
സാമൂഹിക പ്രവർത്തക കൂടിയായ യുവതിക്ക് സഹപ്രവർത്തകരിൽ നിന്നാണ് സോഷ്യൽ മീഡിയയിലൂടെ അപമാനം ഏൽക്കേണ്ടി വന്നത്. സുഹൃത്തായ മറ്റൊരു യുവതിയും ഇതിന് കൂട്ടുനിന്നുവെന്നത് വിരോധാഭാസമാണ്.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരായ ആക്രമണം വ്യാപകമായിരിക്കുകയാണ്. ജീവിത പങ്കാളി നഷ്ടപ്പെട്ടവരെ മ്ലേഛമായി അധിക്ഷേപിക്കുന്നു. എല്ലാ രംഗങ്ങളിലും പ്രവർത്തിക്കുന്നവർ ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരകളാകുന്നുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് സൈബർ നിയമങ്ങൾ കർശനമാക്കണമെന്ന് കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്യുകയാണെന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
അതുപോലെ വയോജനങ്ങൾക്കെതിരായ അതിക്രമങ്ങളും മാനസിക പീഡനങ്ങളും സംസ്ഥാനത്ത് വർധിച്ചുവരുകയാണ്. ഇക്കാര്യത്തിൽ സാമ്പത്തിക അന്തരഭേദമില്ല. വയോജനങ്ങളോടുള്ള സമൂഹത്തിന്റെ ചിന്താഗതി മാറണം. വയോജനങ്ങൾക്ക് വേണ്ടിയുള്ള നിയമസംഹിതകൾ കർശനമായി നടപ്പിലാക്കണം. വയോജന വിഷയം സാമൂഹ്യ പ്രശ്‌നമാണ്. സ്വത്തിന് വേണ്ടി മകൻ മാതാവിനെ സംരക്ഷിക്കാൻ തയ്യാറാവാതെ ഉപേക്ഷിച്ച ഒരു കേസാണ് മറ്റൊന്ന്. ഇത്തരം കേസുകൾ 'ആർഡിഒ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച് റിപ്പോർട്ട് അവശ്യപ്പെട്ടിട്ടും വ്യക്തതയില്ലാത്ത റിപ്പോർട്ട് ആണ് ലഭിച്ചതെന്നും കമീഷൻ അധ്യക്ഷ പറഞ്ഞു.
മെഗാ അദാലത്തിൽ 56 കേസുകളാണ് ലഭിച്ചത്. 7 കേസുകൾ കമ്മീഷൻ തീർപ്പാക്കി.15 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ചെണ്ണത്തിന്റെ റിപ്പോർട്ട് പൊലീസിനോട് ആവശ്യപ്പെട്ടു. 29കേസുകളിൽ ഏതേലും ഒരു ഭാഗത്തെ കക്ഷികൾ ഹാജരായില്ല. അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ, തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പരാതി കേൾക്കുന്നു. സമീപം കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ,